Skip to main content

 

എബോള വൈറസ് ബാധിച്ച രാജ്യങ്ങളില്‍ 44,700 ഇന്ത്യക്കാര്‍ കഴിയുന്നതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ബുധനാഴ്ച പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ ലൈബീരിയയിലെ യു.എന്‍ സമാധാനസേനയുടെ ഭാഗമായ 300 സി.ആര്‍.പി.എഫ് സൈനികരും ഉള്‍പ്പെടും. ചികിത്സ ഇല്ലാത്ത ഈ വൈറസ് ബാധയേറ്റ് പശ്ചിമ ആഫ്രിക്കയിലെ നാല് രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 932 കഴിഞ്ഞു. രോഗബാധ ശക്തമായ സിയറ ലിയോണിനു പിന്നാലെ ലൈബീരിയയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

ഗിനിയയില്‍ 500, ലൈബീരിയയില്‍ 3,000, സിയറ ലിയോണില്‍ 1,200 എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ എണ്ണം. രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നൈജീരിയയില്‍ 40,000 ഇന്ത്യക്കാരുണ്ട്. പകര്‍ച്ചവ്യാധി രൂക്ഷമാകുകയാണെങ്കില്‍ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വൈറസ് ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായി മന്ത്രി അറിയിച്ചു. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധയേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

രോഗബാധയെ തുടര്‍ന്ന്‍ ആഗസ്ത് വരെ 255 പേര്‍ മരിച്ച ലൈബീരിയയില്‍ പ്രസിഡന്റ് എല്ലെന്‍ ജോണ്‍സണ്‍-സര്‍ലീഫ് മൂന്ന്‍ മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 273 മരണങ്ങള്‍ നടന്ന സിയറ ലിയോണില്‍ പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമ കഴിഞ്ഞയാഴ്ച രാജ്യത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

 

ഗിനിയയിലാണ് മാര്‍ച്ചില്‍ ആദ്യമായി എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 358 പേരുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടിട്ടുള്ളത്‌. ലൈബീരിയയിലേക്കും സിയറ ലിയോണിലേക്കും രോഗം പടര്‍ന്നതോടെ ഇതുവരെയുള്ള എബോള പകര്‍ച്ചവ്യാധിയില്‍ ഏറ്റവും മാരകമായി ഇത് മാറുകയായിരുന്നു. ലൈബീരിയയില്‍ നിന്ന്‍ നൈജീരിയയിലേക്ക് പോയ ഒരാള്‍ ദിവസങ്ങള്‍ക്ക് ശേഷം രോഗം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന്‍ രോഗബാധയുടെ ഒന്‍പത് കേസുകള്‍ ഇവിടെ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

 

എബോളയ്ക്ക് ഇതുവരെ പ്രതിരോധ വാക്സിനോ പ്രത്യേക ചികിത്സയോ കണ്ടെത്തിയിട്ടില്ല. 60 ശതമാനത്തോളമാണ് രോഗത്തിന്റെ മരണനിരക്ക്. രോഗിയുടെ മൂത്രം, രക്തം, വിയര്‍പ്പ്, ഉമിനീര് തുടങ്ങിയ ശരീരദ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുക.