മൂന്നാം പിണറായി സർക്കാരിനെ ഉറപ്പാക്കി കോൺഗ്രസ്സ് നേതൃത്വം

സണ്ണി ജോസഫിനെ പ്രസിഡണ്ടാക്കി ക്രിസ്ത്യൻ പ്രീണനത്തിലൂടെ കേരളത്തിൻ്റെ ഭരണം പിടിക്കാൻ കോൺഗ്രസ്സ്. ഇതിലൂടെ മൂന്നാം പിണറായി സർക്കാരിൻ്റെ വരവ് ഏതാണ്ട് ഉറപ്പായി. ഇടതുപക്ഷക്കാർ പോലും സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നു. അപ്പോഴാണ് ചെപ്പടിവിദ്യയിലൂടെ എൽ.ഡി.എഫിൽ നിന്നും ബി.ജെ.പിയിൽ നിന്നുള്ള സംയുക്ത ഭീഷണിയെ നേരിടാൻ കണ്ടെത്തിയിരിക്കുന്ന കോൺഗ്രസ്സ് തന്ത്രം സണ്ണിജോസഫ് മാന്യനും സ്വീകാര്യനുമാണ്. എന്നാൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നേതൃപാടവ ശേഷിയല്ല പരിഗണിച്ചിരിക്കുന്നത്. സഭയുടെ നിർദ്ദേശം കോൺഗ്രസ്സ് ശിരസ്സാ വഹിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടോ വികസന സങ്കൽപ്പമോ എന്താണെന്ന് കോൺഗ്രസ്സ് പ്രവർത്തകർക്കു പോലും അറിയില്ല. ബി.ജെ.പി രാജീവ് ചന്ദ്രശേഖറിനെ ഇറക്കി പുത്തൻ കാലഘട്ടത്തിൻ്റെ മാറ്റങ്ങളെ ചേർത്തു പിടിച്ചുകൊണ്ടുള്ള വികസന രാഷ്ട്രീയവുമായി മുന്നോട്ടു പോകുന്നു. ക്രിസ്ത്യാനികളിൽ നല്ലൊരു ശതമാനത്തിൻ്റെ പിന്തുണ ഇതിനകം ബി.ജെ.പി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വളരെ സമർത്ഥരായ യുവനേതാക്കൾ ഉള്ള കേരളത്തിലെ ഏക പാർട്ടിയാണ് കോൺഗ്രസ്സ്. മാത്യു കുഴൽനാടനെപ്പോലുള്ള ഒരു നേതാവ് പ്രസിഡണ്ടായിരുന്നുവെങ്കിൽ യുവാക്കളിൽ പ്രതീക്ഷയും ശക്തമായ പ്രതിപക്ഷത്തിൻ്റെ സാന്നിദ്ധ്യവും ഉണ്ടാകുമായിരുന്നു. ഒപ്പം ക്രിസ്തീയ പരിഗണനയും അതിലൂടെ സംഭവിക്കുമായിരുന്നു. എന്നാൽ പൊതുതാൽപ്പര്യമോ പാർട്ടി താൽപ്പര്യമോ പരിഗണിച്ച് തീരുമാനമൊക്കോൻ ശേഷിയുള്ള ദേശീയ നേതൃത്വം കോൺഗ്രസ്സിനില്ല. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് പുതിയ കെ.പി.സി.സി പ്രസിഡണ്ട്.