അജിത്ത് ഡോവൽ ചൈനയെ ബന്ധപ്പെട്ടതിന് പിന്നാലെ സിന്ദൂർ രണ്ട്

ഓപ്പറേഷൻ സിന്ദൂറിന് ശേഷം വിദേശ രാഷ്ട്ര നേതാക്കളെ മുഖ്യമായും ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചത് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും സെക്രട്ടറി വിക്രം മിസ്ത്രിയുമാണ്. എന്നാൽ ചൈന വിദേശകാര്യ വകുപ്പ് മന്ത്രി വാങ് യിയെ വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ്. ഓപ്പറേഷൻ സിന്ദൂർ ഒന്നാം ഘട്ടത്തിൽ നിന്ന് മുമ്പോട്ടു പോകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ലെന്ന് വാങ്ങിനോട് വ്യക്തമായി പറഞ്ഞു. എന്തെങ്കിലും അമിതാവേശം പാകിസ്ഥാൻ കാണിക്കുകയാണെങ്കിൽ ശക്തമായ രീതിയിൽ തിരിച്ചടി നൽകുമെന്നും അജിത്ത് ഡോവൽ വാങ്ങിനെ ധരിപ്പിച്ചു.
പാകിസ്ഥാന് സകലവിധ ആയുധങ്ങളും സാങ്കേതികസഹായങ്ങളും നൽകുന്നത് ചൈനയാണ് . ഇന്ത്യയും പാകിസ്ഥാനുമായി ഉണ്ടായിരിക്കുന്ന ഈ അന്തരീക്ഷത്തിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ഇരു കൂട്ടരും നിയന്ത്രണം പാലിക്കണമെന്ന് ചൈനയുടെ നിലപാട് ആവർത്തിക്കുകയും ചെയ്തു. ചൈനയെ കണ്ടുകൊണ്ടാണ് പാകിസ്ഥാൻ ഇന്ത്യയുടെ നേർക്ക് ഈ നിലപാട് സ്വീകരിക്കുന്നത്.
എന്നാൽ ചൈനയ്ക്ക് അത്ര പ്രകടമായി ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് എതിരെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്. വ്യാപാരയുദ്ധത്തിൽ അമേരിക്കയുമായി തെറ്റിനിൽക്കുന്ന ചൈനയ്ക്ക് മുഖ്യ ആശ്രയം ഇന്ത്യൻ വിപണിയാണ് . അത് നഷ്ടപ്പെടുത്താൻ ചൈന ആഗ്രഹിക്കുന്നില്ല. എന്നാൽ പാകിസ്ഥാന് എല്ലാവിധ പിന്തുണ നൽകുകയും ഇന്ത്യക്കെതിരെ ശക്തമായ പ്രകോപനം സൃഷ്ടിക്കാൻ ചൈന പാകിസ്താനെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ത്യയുടെ വാക്ക് വെറും വാക്കാവില്ല എന്ന ബോധ്യം ചൈനയിലൂടെ പാകിസ്ഥാന് നൽകാൻ വേണ്ടി തന്നെയാണ് അജിത് ഡോവൽ വാങ്ങിനോട് കർശനമായ ഭാഷയിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഒപ്പം അതിൽ ചൈനയ്ക്കുള്ള മുന്നറിയിപ്പും ഉണ്ട്.