പശ്ചിമ ആഫ്രിക്കയിലെ എബോള വൈറസ് ബാധയെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധി അസാധാരണ സംഭവമാണെന്നും മറ്റ് രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യ ഭീഷണി ഉയര്‍ത്താമെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു. സിയറ ലിയോണും ലൈബീരിയയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗിനിയയില്‍ 2013 ഡിസംബറിലാണ് എബോള വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന്‍, സിയറ ലിയോണ്‍, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിലും വൈറസ് ബാധിച്ചുള്ള മരണങ്ങള്‍ ഉണ്ടായി. ഈ നാല് രാജ്യങ്ങളില്‍ ആഗസ്ത് നാല് വരെ 1,711 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 932 പേര്‍ മരിച്ചു.
ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്തമായ എബോള പകര്‍ച്ചവ്യാധിയായി ഇത് മാറിക്കഴിഞ്ഞതായി യു.എന്‍ സംഘടന പറയുന്നു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളും അയല്‍രാജ്യങ്ങളും മറ്റ് രാജ്യങ്ങളും സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍ സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര സഞ്ചാരത്തിനോ വ്യാപാരത്തിനോ പൊതുവായി നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും സംഘടന അറിയിച്ചു.
എബോളയ്ക്ക് ഇതുവരെ പ്രതിരോധ വാക്സിനോ പ്രത്യേക ചികിത്സയോ കണ്ടെത്തിയിട്ടില്ല. 60 ശതമാനത്തോളമാണ് രോഗത്തിന്റെ മരണനിരക്ക്. രോഗിയുടെ മൂത്രം, രക്തം, വിയര്‍പ്പ്, ഉമിനീര് തുടങ്ങിയ ശരീരദ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുക.
ലൈബീരിയയിലെ യു.എന്‍ സമാധാനസേനയുടെ ഭാഗമായ 300 സി.ആര്‍.പി.എഫ് സൈനികര്‍ ഉള്‍പ്പടെ എബോള വൈറസ് ബാധിച്ച രാജ്യങ്ങളില്‍ 44,700 ഇന്ത്യക്കാര്‍ കഴിയുന്നതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ബുധനാഴ്ച പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.