Skip to main content
ഡമാസ്കസ്

is flag outside kobani

 

തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തുര്‍ക്കിയുടെ അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ കൊബാനി ആക്രമിക്കുന്നു. പീരങ്കികളും മറ്റും ഉപയോഗിച്ചാണ് ആക്രമണം. ഈ മേഖലയിലെ കുര്‍ദ് വിഭാഗക്കാരുമായി കനത്ത തെരുവുയുദ്ധമാണ് ഐ.എസ് പോരാളികള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

കൊബാനി നഗരത്തിന് പുറത്തായി സംഘടനയുടെ കൊടി ഉയര്‍ത്തിയതിന് പിന്നാലെ കുര്‍ദ് പ്രതിരോധം തകര്‍ത്ത് ഐ.എസ് പോരാളികള്‍ നഗരത്തില്‍ പ്രവേശിച്ചതായി യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ ഒബ്സര്‍വേറ്ററി അറിയിച്ചു. കൊബാനിയുടെ കിഴക്കന്‍ ഭാഗത്തെ മൂന്ന്‍ പ്രദേശങ്ങള്‍ ഐ.എസിന്റെ നിയന്ത്രണത്തിലാണെന്നും നൂറുകണക്കിന് പേര്‍ ഇവിടെ നിന്ന്‍ പലായനം ചെയ്തതായി ഒബ്സര്‍വേറ്ററി ഡയറക്ടര്‍ റാമി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു.

 

നഗരകേന്ദ്രം ഇപ്പോഴും കുര്‍ദ് നിയന്ത്രണത്തിലാണ്. എന്നാല്‍, കിഴക്ക് നിന്നും തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും ഐ.എസ് നഗരകേന്ദ്രത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന് അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.

 

കുര്‍ദ് തലസ്ഥാനമായ അര്‍ബില്‍ കീഴടക്കാനുള്ള ഐ.എസിന്റെ ശ്രമം യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തെ തുടര്‍ന്ന്‍ വിജയിച്ചിരുന്നില്ല. എന്നാല്‍, കൊബാനി കീഴടക്കുകയും ആക്രമണം തുര്‍ക്കിയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്‌താല്‍ ശക്തമായ അന്താരാഷ്ട്ര ഇടപെടലിന് സാധ്യതയുണ്ട്. സൈനികസഖ്യമായ നാറ്റോയില്‍ അംഗമാണ് തുര്‍ക്കി. അതേസമയം, ഐ.എസിനെതിരെയുള്ള ആക്രമണത്തിന് വാക്കാല്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുര്‍ക്കി നേരിട്ട് ആക്രമണത്തില്‍ പങ്കെടുക്കുന്നില്ല.

Tags