സുന്നി തീവ്രവാദി സംഘടന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദിനെതിരെയുള്ള ആക്രമണം ശക്തമാക്കി. ബാഗ്ദാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് 13 കിലോമീറ്റര്‍ മാത്രം അകലെയുള്ള അബു ഗ്രൈബ് പ്രദേശത്ത് ഐ.എസ് പോരാളികള്‍ എത്തിയിട്ടുണ്ട്. അതേസമയം, തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ കൊബാനിയുടെ മൂന്ന്‍ വശത്ത് നിന്നും ഐ.എസ് ആക്രമണം ശക്തമാണ്. യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണം ഐ.എസിന്റെ മുന്നേറ്റം ഇവിടെ താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.
ഇറാഖി തടവുകാരെ മനുഷ്യത്വരഹിതമായി യു.എസ് സൈനികര്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളിലൂടെ കുപ്രസിദ്ധമായ ജയില്‍ അടങ്ങുന്ന പ്രദേശമാണ് അബു ഗ്രൈബ്. 15,000 അടി വരെ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെക്കാന്‍ കഴിയുന്ന തോളില്‍ നിന്ന്‍ വിക്ഷേപിക്കുന്ന മാന്‍പാഡ് മിസൈലുകള്‍ ഐ.എസ് പോരാളികളുടെ പക്കല്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
യു.എസ് വ്യോമാക്രമണം ആരംഭിച്ച ശേഷവും ഇറാഖിലും സിറിയയിയിലും വന്‍ ഭൂപ്രദേശങ്ങളുടെ നിയന്ത്രണം കയ്യടക്കിയിട്ടുള്ള ഐ.എസ് തങ്ങളുടെ സ്വാധീനമേഖല വിപുലീകരിക്കുകയാണ്. 60,000 ഇറാഖി സൈനികരെ തലസ്ഥാനം പ്രതിരോധിക്കാന്‍ വിന്യസിച്ചിട്ടുണ്ട്. യു.എസ് സൈനിക ഉപദേശകരുടെ 12 സംഘങ്ങളും ഇവര്‍ക്കൊപ്പമുണ്ട്.
ബാഗ്ദാദിന് വടക്കുള്ള അന്‍ബര്‍ പ്രവിശ്യയിലും ഐ.എസ് മുന്നേറ്റം ശക്തമാണ്. ഉടന്‍ സൈനിക സഹായം ഉണ്ടായില്ലെങ്കില്‍ പ്രവിശ്യയുടെ നിയന്ത്രണം നഷ്ടമാകുമെന്ന് ഇറാഖി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടത്തെ സൈനികതാവളം പിടിച്ച ഐ.എസ് പ്രവിശ്യാ തലസ്ഥാനമായ റമദിയ്ക്ക് നേരെ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബാഗ്ദാദില്‍ നിന്ന്‍ 120 കിലോമീറ്റര്‍ അകലെയാണ് റമദി.
സിറിയയില്‍ കുര്‍ദ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള കൊബാനിയില്‍ യു.എസ് വ്യോമാക്രമണവും കുര്‍ദ് പോരാളികളുടെ പ്രതിരോധവും മൂലം ഐ.എസ് പോരാളികള്‍ നഗരത്തിന്റെ അതിരിലേക്ക് പിന്‍വാങ്ങിയതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. നേരത്തെ പട്ടണത്തിന്‍റെ 40 ശതമാനം പ്രദേശവും ഐ.എസ് നിയന്ത്രണത്തിലായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൊബാനി ഐ.എസ് കീഴടക്കുകയാണെങ്കില്‍ സാധാരണക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന്‍ യു.എസ് പ്രതിനിധി സ്റ്റെഫാന്‍ ദെ മിസ്തുറ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐ.എസിനെതിരെ സൈനിക നടപടിയ്ക്ക് പാര്‍ലിമെന്റ് അനുമതി നല്‍കിയെങ്കിലും പ്രശ്നത്തില്‍ ഇടപെടാന്‍ തുര്‍ക്കി തയ്യാറായിട്ടില്ല. വിസമ്മതിക്കുകയാണ്. ഐ.എസിനെതിരെയുള്ള ആക്രമണം സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെട്ടു രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന കുര്‍ദ് വിഘടനവാദ സംഘടനകള്‍ക്കും തങ്ങള്‍ എതിരാളിയായി കരുതുന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദിന് അനുകൂലമാകുമെന്നും തുര്‍ക്കി കരുതുന്നു. കൊബാനിയെ സംരക്ഷിക്കാന്‍ സൈനിക നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തുര്‍ക്കിയില്‍ കുര്‍ദ് വംശജര്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇവര്‍ക്ക് നേരെയുള്ള പോലീസ് നടപടിയില്‍ 20 പേര്‍ കൊല്ലപ്പെട്ടു.