Skip to main content

ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിന്‍റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍ നിന്നും ആറു ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പിന്നോക്ക വിഭാഗത്തില്‍ പെട്ട മന്ത്രിമാരുടെ എതിര്‍പ്പിനെ വകവെക്കാതെയാണ്‌ തീരുമാനം. ധനമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തില്‍ മാനവവിഭവ വികസന മന്ത്രി പള്ളം രാജു, സാമൂഹ്യ ക്ഷേമ മന്ത്രി ഷെല്‍ജ പ്രധാനമന്ത്രി കാര്യാലയ ചുമതലയുള്ള മന്ത്രി വി. നാരായണ സ്വാമി എന്നിവരടങ്ങുന്ന ഉപസമിതിയാണ് തീരുമാനം കൈകൊണ്ടത്.

 

മേല്‍ത്തട്ട് പരിധി ആറുലക്ഷത്തില്‍ കൂടുതല്‍ ഉയര്‍ത്തുന്നതിനെതിരെ ധനമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചു. മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയാല്‍   സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് ഈ വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പ്രതികൂലമായി ബാധിക്കും എന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വിദ്യാഭാസ മേഖലയിലും സംവരണം പ്രതികൂലമായി ബാധിക്കും.

 

മന്ത്രിമാരായ വയലാര്‍ രവി, വീരപ്പ മൊയ്ലി തുടങ്ങിയവര്‍ പരിധി 6 ലക്ഷത്തില്‍ നിന്നും ഏഴു ലക്ഷമാക്കി ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടു. മേല്‍ത്തട്ട് പരിധി നഗര പ്രദേശങ്ങളില്‍ 12 ലക്ഷവും ഗ്രാമ പ്രദേശങ്ങളില്‍ ഒന്‍പത് ലക്ഷവും ആക്കണമെന്ന് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 2008ലാണ് പരിധി 4.50 ലക്ഷം ആക്കിയത്. ഇത് 1993ല്‍ ഒരു ലക്ഷവും 2004ല്‍ 2.50ലക്ഷവും ആയിരുന്നു.