ന്യൂഡല്‍ഹി: ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലുകളില്‍ ഒന്നില്‍ ഇന്ത്യന്‍ ടയര്‍ ഭീമന് അപ്പോളോ ടയേഴ്സ് യു.എസ്സിലെ കൂപ്പര്‍ ടയര്‍ ആന്‍ഡ് റബ്ബര്‍ കമ്പനിയെ ഏറ്റെടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ കമ്പനിയായ അപ്പോളോ 250 കോടി ഡോളറിനാണ് (14500 കോടി രൂപ) യു.എസ്സിലെ നാലാമത്തെ വലിയ ടയര്‍ കമ്പനിയെ ഏറ്റെടുക്കുന്നത്. എന്നാല്‍, വാര്‍ത്ത ബുധനാഴ്ച കമ്പനി പുറത്തുവിട്ടതിന് പിന്നാലെ അപ്പോളോയുടെ ഓഹരികള്‍ വന്‍ ഇടിവ് നേരിട്ടു.
ചൈനയ്ക്കു ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വാഹന വിപണിയായ യു.എസ്സില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് അപ്പോളോയുടെ നീക്കം. അപ്പോളോ ടയേഴ്സ് ഏറ്റെടുക്കുന്ന മൂന്നാമത്തെ വിദേശ കമ്പനിയാണ് കൂപ്പര്‍ ടയേഴ്സ്. ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായാല്‍ ലോകത്തെ ഏഴാമത്തെ ടയര്‍ നിര്‍മാതാക്കളായി അപ്പോളോ മാറും.
വ്യാഴാഴ്ച ബോംബെ ഓഹരി വിപണിയില്‍ അപ്പോളോ ടയേഴ്സിന്റെ ഓഹരികള്‍ക്ക് 20% ഇടിവ് നേരിട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
