ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളി താരം ശ്രീശാന്തിനെ ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി ചോദ്യം ചെയ്തു. തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് സമിതി അധ്യക്ഷന്‍ രവി സവാനി മൊഴിയെടുത്തത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്കിയതായും ബി.സി.സി.ഐ.യുടെ നടപടിക്രമങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദനന്റെ പങ്കിനെക്കുറിച്ചാണ് കൂടുതലും ചോദിച്ചത്. എന്നാല്‍ ജിജു തെറ്റുചെയ്തതായി കരുതുന്നില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കേസില്‍ അറസ്റ്റിലായവരില്‍ നിന്നായി അന്വേഷണ സമിതിയ്ക്ക് മുന്നില്‍ ഹാജരാകുന്ന ആദ്യത്തെ വ്യക്തിയാണ് ശ്രീശാന്ത്. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ക്ഷമയോടെ കാത്തിരിക്കുകയാണെന്നും മൊഴികൊടുത്തതിന് ശേഷം ശ്രീശാന്ത് പറഞ്ഞു. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി ക്രിക്കറ്റിലേയ്ക്ക് എത്രയും വേഗം തിരിച്ചെത്തുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
