വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രമാദിത്യയുടെ കടലിലെ പരീക്ഷണങ്ങള്‍ റഷ്യയില്‍ പൂര്‍ത്തിയായി. നവംബറില്‍ കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
അഡ്മിറല്‍ ഗോര്‍ഷോവ് എന്ന റഷ്യന്‍ വിമാനവാഹിനി നവീകരണം നടത്തി പുനര്‍നാമകരണം ചെയ്തതാണ് ഐ.എന്‍.എസ് വിക്രമാദിത്യ. ബരെന്റ്സ് കടലിലും വെള്ളക്കടലിലുമാണ് മൂന്ന്‍ മാസം നീണ്ട കപ്പലിന്റെ പരീക്ഷണ ഓട്ടം നടത്തിയത്. മികച്ച വേഗവും പ്രവര്‍ത്തനമികവും കപ്പല്‍ പ്രദര്‍ശിപ്പിച്ചതായി അധികൃതര്‍ പറയുന്നു.
നാവികസേനയുടെ രണ്ടാമത്തെ വിമാനവാഹിനിയാണ് വിക്രമാദിത്യ. ഐ.എന്‍.എസ് വിരാട് ആണ് നിലവില്‍ നാവികസേനയുടെ ഏക വിമാനവാഹിനിക്കപ്പല്‍. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതാണ്.
കരാര്‍ പ്രകാരം റഷ്യ 2008-ല്‍ സേനയ്ക്ക് കൈമാറേണ്ടിയിരുന്നതാണ് വിക്രമാദിത്യ. തുടര്‍ന്ന്‍ 2012 ഡിസംബര്‍ നാലിന് കൈമാറാന്‍ തീരുമാനമായെങ്കിലും സെപ്തംബറില്‍ നടന്ന കടലിലെ പരീക്ഷണത്തില്‍ തകരാറുകള്‍ കണ്ടെത്തുകയായിരുന്നു.
2004-ല്‍ 94.7 കോടി ഡോളറിന്റെ കരാറിലാണ് ഇന്ത്യയുടെ റഷ്യയും ഒപ്പിട്ടതെങ്കിലും അത് പിന്നീട് 230 കോടി ഡോളര്‍ ആയി വര്‍ധിപ്പിച്ചു.