മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന പ്രത്യേക യോഗമാണ് വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തിക ക്രമക്കേട് അടക്കം മോഡിക്കെതിരെ ഉയര്‍ന്ന എട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.
ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ചുമതലയില്‍നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുന്ന എന്‍. ശ്രീനിവാസന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തിനെതിരെ ലളിത് മോഡി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് സ്റ്റേ ചെയ്ത പട്യാല കോടതി വിധി ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.
അതേസമയം ബി.സി.സി.ഐ യോഗത്തില്‍ ഒരാള്‍ പോലും മോഡിക്കനുകൂലമായി സംസാരിച്ചില്ല. അരുണ്‍ ജെയ്റ്റ്‌ലിയും ജ്യോതിരാദിത്യ സിന്ധ്യയും ഉള്‍പ്പെട്ട സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജൂലായില്‍ സമര്‍പ്പിച്ചിരുന്നു. 2010-ല്‍ നടന്ന ലേലത്തില്‍ മോഡി കൃത്രിമം കാട്ടിയതായി അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
