Skip to main content
ന്യൂഡല്‍ഹി

ലൈഗികാരോപണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സ്ത്രീകളോട് സംസാരിക്കാന്‍ പോലും ഭയമാണെന്ന തന്റെ പ്രസ്താവന കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുള്ള പിന്‍വലിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താണെന്നും തെന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ അവസാനിക്കുമെന്നതിനാല്‍ സ്ത്രീകളുമായി ഇടപഴകുന്നതിന് താന്‍ പേടിക്കുന്നുവെന്നായിരുന്നു വെള്ളിയാഴ്ച രാവിലെ കേന്ദ്രമന്ത്രി പറഞ്ഞത്. 

 

സ്ത്രീകളോട് സംസാരിക്കാന്‍ തന്നെ പുരുഷന്‍മാര്‍ക്ക് ഭയമാണ്. കാരണം എപ്പോഴാണ് ജയിലില്‍ പോകുകയെന്ന് അറിയില്ല. താന്‍ വനിതാ സെക്രട്ടറിയെ നിയമിക്കാത്തത് പോലും ഇത് മൂലമാണ്. അവര്‍ ഒരു പരാതി നല്‍കിയാല്‍ ഒടുവില്‍ താന്‍ ജയിലില്‍ പോകേണ്ടിവരും എന്നാണ് അദ്ദേഹം പറഞ്ഞത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എകെ ഗാംഗുലിക്കെതിരേയും തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയും ഉയര്‍ന്ന ലൈഗികാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാർലമെന്റിനു മുന്നിൽ മാദ്ധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വനിതാസംഘടനകൾ ഒന്നടങ്കം രംഗത്തു വന്നതോടെ ഖേദപ്രകടനത്തിന് മന്ത്രി നിർബന്ധിതനാവുകയായിരുന്നു. പരാമര്‍ശത്തിനെതിരെ മകനും കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പ്രതിഷേധവുമായി ട്വിറ്ററില്‍ എത്തി. സ്ത്രീ സുരക്ഷ എന്ന സുപ്രധാന പ്രശ്നം ഇതിലൂടെ നിസാരവല്‍ക്കരിക്കപ്പെടുമെന്നും അതിനാല്‍ പിതാവ് നടത്തിയ പ്രസ്താവനയില്‍ ഖേദപ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.