Skip to main content
ന്യൂഡൽഹി

തങ്ങള്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ മറുപടി ആം ആദ്മി പാര്‍ട്ടി (എ.എ.പി) ഇന്ന്‍ ചര്‍ച്ച ചെയ്യും. ഡൽഹിയിൽ നിയമസഭ മരവിപ്പിച്ച് നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലെഫ്. ഗവർണർ നജീബ് ജംഗ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ എ.എ.പി സ്വീകരിക്കുന്ന നിലപാട് ഇതോടെ പ്രധാനമായി.

 

എ.എ.പി മുന്നോട്ട് വച്ച 18 ഉപാധികളിലെ 16 കാര്യങ്ങൾ ഭരണപരമായി നടപ്പാക്കാന്‍ കഴിയുന്നതാണെന്നും നിയമനിര്‍മ്മാണത്തിന്റെ ആവശ്യമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ഷക്കീൽ അഹമ്മദ് നൽകിയ മറുപടിയിൽ പറയുന്നു. ലോക്പാൽ ബിൽ, ഡൽഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി എന്നിവ ഡെല്‍ഹി സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും മറുപടിയിൽ പറയുന്നു. പുതിയ പാർട്ടിയായ എ.എ.പിയ്ക്ക് ഭരണകാര്യങ്ങളിൽ മുൻപരിചയമില്ലാത്തതിനാലാണ് ഇത്തരം ഉപാധികൾ വച്ചതെന്നും ഷക്കീൽ അഹമ്മദ് അഭിപ്രായപ്പെട്ടു.  എ.എ.പിയ്ക്ക് പുറത്ത് നിന്നുള്ള പിന്തുണയാണ് കോൺഗ്രസ് വാഗ്ദാനം നൽകിയതെന്നും നിരുപാധിക പിന്തുണയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

എന്നാല്‍, കോണ്‍ഗ്രസിന്റെ മറുപടി എ.എ.പി തിരസ്കരിക്കാനാണ് സാധ്യതയെന്ന് പാര്‍ട്ടി നേതാക്കളുടെ ആദ്യ പ്രതികരണങ്ങള്‍ സൂചന നല്‍കുന്നു. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളെ ഭരണപരമെന്നും നിയമനിര്‍മ്മാണപരമെന്നും കോണ്‍ഗ്രസ് വേര്‍തിരിക്കുന്നതിനെ എ.എ.പി നേതാവ് മനീഷ് സിസോദിയ ചോദ്യം ചെയ്തു. ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് സിസോദിയ അറിയിച്ചു.

 

ഡിസംബര്‍ 18 ബുധനാഴ്ച കഴിഞ്ഞ നിയമസഭയുടെ കാലാവധി തീരുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കാത്തതുമായ പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണറുടെ നടപടി. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷത്തിനാവശ്യമായ 36 സീറ്റുകള്‍ ലഭിച്ചിരുന്നില്ല. സർക്കാർ രൂപീകരണത്തിനില്ലെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയും കൂടുതൽ സമയം വേണമെന്ന് ആം ആദ്മി പാ‌ർട്ടിയും ഗവര്‍ണ്ണറെ അറിയിച്ചിരുന്നു.

 

ഈ സാഹചര്യത്തിലാണ് ഭരണപ്രതിസന്ധി ഒഴിവാക്കാൻ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണ്ണര്‍ ശുപാർശ ചെയ്തത്. നിയമസഭ മരവിപ്പിച്ച് നിര്‍ത്തുന്നതിലൂടെ പിന്നീട് ഏതെങ്കിലും കക്ഷിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത നിലനില്‍ക്കും. എന്നാല്‍, നിയമസഭ പിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിനൊപ്പം ഡെല്‍ഹി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.