ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച് പുതിയ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ക്കെതിരെയുള്ള ബഹളം കാരണം ആന്ധ്ര നിയമസഭ രണ്ടാം ദിവസവും സ്തംഭിച്ചു. ഇന്ന്‍ കാലത്ത് സഭ ചേര്‍ന്ന ഉടന്‍ തന്നെ സ്പീക്കര്‍ നടേണ്ട്ല മനോഹര്‍ സഭ നിര്‍ത്തിവെച്ചു.
സഭയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി കാര്യോപദേശക സമിതി യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിഭജനം ലക്ഷ്യമിടുന്ന ആന്ധ്രാപ്രദേശ് പുന:ക്രമീകരണ ബില്ലിനോടുള്ള സീമാന്ധ്രയില്‍ നിന്നുള്ള നിയമസഭാംഗങ്ങളുടെ എതിര്‍പ്പ് തുടരുകയാണ്. തിങ്കളാഴ്ച സഭയില്‍ ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് വന്‍ ബഹളമാണ് സഭയില്‍ അരങ്ങേറിയത്. വൈ.ആര്‍.എസ് കോണ്‍ഗ്രസ്, തെലുഗുദേശം പാര്‍ട്ടി അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പ് കീറിയതും കത്തിച്ചതും തെലുങ്കാനയില്‍ നിന്നുള്ള അംഗങ്ങളെ പ്രകോപിതരാക്കുകയും ഇരുവിഭാഗവും തമ്മില്‍ കയ്യേറ്റത്തിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു.
അടുത്ത ജനുവരി 23-ന് മുന്‍പ് ബില്ലില്‍ സഭയുടെ അഭിപ്രായം അറിയിക്കാനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്.
