ഡെല്‍ഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാറിന് നല്‍കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും ന്യൂഡല്‍ഹിയില്‍ നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു. അന്വേഷണം നേരിടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരോട് അവധിയില്‍ പ്രവേശിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാം ദിവസമായ ചൊവാഴ്ച വൈകുന്നേരം ധര്‍ണ്ണ അവസാനിപ്പിച്ചത്.
ജനുവരി 26-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് പ്രതിഷേധം മൂലം ഉയര്‍ന്നിരുന്ന സുരക്ഷാ ഭീഷണി ഇതോടെ അയഞ്ഞു. ചൊവാഴ്ച ഉച്ചതിരിഞ്ഞ് എ.എ.പി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.
തിങ്കളാഴ്ച രാത്രി പ്രതിഷേധ വേദിയില്‍ രാത്രി ചിലവഴിച്ച കേജ്രിവാളിന്റെ ആരോഗ്യനില മോശമായിട്ടുണ്ട്. പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ധര്‍ണ്ണ ഭാഗികമായി വിജയിച്ചതായി എ.എ.പി അവകാശപ്പെട്ടു. മന്ത്രി സോമനാഥ് ഭാരതിയുടെ ഉത്തരവ് അനുസരിക്കാന്‍ വിസമ്മതിച്ച അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം, പക്ഷെ ഗവര്‍ണര്‍ നിരാകരിച്ചു.
മയക്കുമരുന്ന് വിപണനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി സംശയമുള്ള ആഫ്രിക്കന്‍ സ്വദേശികളുടെ വീട്ടില്‍ റെയ്ഡ് നടത്താനായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാല്‍, വാറന്റ് ഇല്ലാതെ റെയ്ഡ് നടത്താന്‍ സാധിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി പ്രദേശവാസികളെ വിളിച്ചുകൂട്ടി ഏതാനും ആഫ്രിക്കന്‍ സ്ത്രീകളെ തടഞ്ഞുവെച്ച സംഭവത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിരോധനാജ്ഞ ലംഘിച്ച് നടത്തിയ ധര്‍ണ്ണയെ തുടര്‍ന്നും ഡെല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, കേജ്രിവാളിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പീക്കറുടെ അനുമതിയില്ലാതെ കേജ്രിവാളിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

