ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് അംഗീകാരമായി. അമേരിക്കയുടെ അംഗീകാരം ലഭിച്ചതോടെ ദേവയാനിക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ കിട്ടും. ജനുവരി എട്ടു മുതല്‍ നയതന്ത്രജ്ഞ എന്ന നിലയിലുള്ള പൂര്‍ണ പരിരക്ഷ അവര്‍ക്ക് ലഭിക്കും.
അതേസമയം, പൂര്‍ണ നയതന്ത്ര പരിരക്ഷ ലഭിച്ചതിനാല്‍ തന്റെ മേലിലുള്ള കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദേവയാനി യു.എസ് ഫെഡറല്‍ കോടതിയില്‍ അപേക്ഷ നല്‍കി. അഭിഭാഷകന്‍ ഡാനിയല്‍ അര്‍ഷാക് മുഖേനയാണ് ദേവയാനി അപേക്ഷ നല്‍കിയത്. കോടതി വാദം കേട്ടതിന് ശേഷമായിരിക്കും വിധി പറയുക.
കുട്ടികളെ പരിചരിക്കാന്‍ കൊണ്ടുവന്ന ആയ സംഗീത റിച്ചാര്‍ഡിന് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മിനിമം വേതനത്തിന്റെ മൂന്നിലൊന്ന്‍ മാത്രം നല്‍കുകയും വ്യവസ്ഥാപിത സമയത്തില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുകയും ചെയ്തു എന്നതാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലെറ്റിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ഖോബ്രഗഡെയ്ക്കെതിരെയുള്ള ആരോപണം. ഇതിനായി വിസാ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന കേസില്‍ ഡിസംബര്‍ 12-ന് ന്യൂയോര്‍ക്ക് പോലീസ് ഖോബ്രഗഡെയെ അറസ്റ്റ് ചെയ്യുകയും മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതി അന്ന്‍ തന്നെ 2,50,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍, നയതന്ത്ര പരിഗണന നല്‍കാതെ ഉദ്യോഗസ്ഥയെ പൊതുസ്ഥലത്ത് വിലങ്ങുവെച്ച് അറസ്റ്റ് ചെയ്തതും വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതും സാധാരണ കുറ്റവാളികള്‍ക്കൊപ്പം തടവില്‍ സൂക്ഷിച്ചതും ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
