ഡെല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാറിന് പിന്തുണ നഷ്ടപ്പെട്ടു. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി സ്വതന്ത്ര എം.എല്‍.എ രാംബീര്‍ ഷോകീന്‍ തിങ്കളാഴ്ച അറിയിച്ചതോടെയാണിത്. 70 അംഗ സഭയില്‍ 35 അംഗങ്ങളുടെ പിന്തുണ മാത്രമേ ഇപ്പോള്‍ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാറിനുള്ളൂ.
ജനതാദള്‍ (യു) എം.എല്‍.എ ഷോയ്ബ് ഇഖ്ബാലിനൊപ്പം ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ കണ്ടു പിന്തുണ പിന്‍വലിക്കുന്ന കത്ത് കൈമാറുമെന്ന് ഷോകീന്‍ അറിയിച്ചു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് ഷോകീന്റെ നടപടി.
ഡിസംബര്‍ നാലിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടി എട്ടു കോണ്‍ഗ്രസ് എം.എല്‍.എമാരുടേയും ഒരു ജെ.ഡി.യു എം.എല്‍.എയുടേയും ഷോകീന്റേയും പിന്തുണയോടെയാണ് ഭരണത്തിലേറിയത്. എന്നാല്‍, എ.എ.പി എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി നേരത്തെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണറെ കണ്ട് അറിയിച്ചിരുന്നു. ഷോകീനും ഇഖ്ബാലും പിന്തുണ പിന്‍വലിക്കുന്നതോടെ സര്‍ക്കാറിനെ പിന്തുണക്കുന്നവരുടെ എണ്ണം 35 ആകും.
