Skip to main content
ന്യൂഡല്‍ഹി

 

കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറുമായ എന്‍.ഡി തിവാരി (88 ) വീണ്ടും വിവാഹിതനായി. ഡി.എന്‍.എ പരിശോധനയിലൂടെ ഡല്‍ഹി ഹൈക്കോടതി മകനായി സ്ഥിരീകരിച്ച 34-കാരനായ രോഹിത് ശേഖറിന്‍റെ അമ്മ ഉജ്വല ശര്‍മ്മയെയാണ് നിയമപ്രകാരം തിവാരി വിവാഹം കഴിച്ചത്. ലക്‌നൗവില്‍ വെച്ചായിരുന്നു മിന്നുകെട്ട്.

 

തിവാരി തന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് ഉജ്ജ്വല ശർമ്മയുടെ മകൻ രോഹിത് ശേഖര്‍ 2008-ൽ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. തിവാരി പിതൃത്വം നിഷേധിച്ചതോടെ നിയമ യുദ്ധമായി. ഡി.എന്‍.എ പരിശോധനയ്ക്ക് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഹാജരാകാന്‍ തിവാരി വിസമ്മതിച്ചു. തുടര്‍ന്ന് രോഹിത് ശേഖര്‍ സുപ്രീം കോടതിയെ സമീപിച്ചു.

 

സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിൽ തിവാരി രോഹിത് ശേഖറിന്റെ അച്ഛനാണെന്ന് തെളിഞ്ഞു. അതോടെ ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷം 2012 ജൂലൈ 27-ന് അയാളെ മകനായി അംഗീകരിക്കാൻ തിവാരി തയ്യാറായി. തുടര്‍ന്ന് രോഹിത്തിനെ തന്‍റെ വസതിയിലേക്ക് ക്ഷണിച്ച തിവാരി ആദ്യമായി മകനുമായി സംസാരിച്ചു. ഇപ്പോൾ ഉജ്ജ്വല ശർമ്മയെ വിവാഹം കഴിച്ച് അതിന് പൊതുജനമദ്ധ്യത്തിലും സാധുത നൽകി.

 

എന്‍.ഡി തിവാരിയുടെ ഭാര്യ സുശീലാ സൻവാൾ 1993-ൽ മരിച്ചു. അതിൽ മക്കളില്ല. 2009-ല്‍ ആന്ധ്രാ ഗവർണറായിരിക്കെ രാജ്ഭവനിൽ സ്ത്രീവിഷയ വിവാദത്തിൽപ്പെട്ട് രാജിവയ്ക്കാൻ നിർബന്ധിതനായ നേതാവാണ്‌ തിവാരി.