Skip to main content
ന്യൂഡല്‍ഹി

chandni chowk delhi

 

ലോകത്തെ നഗരങ്ങളില്‍ ജനസംഖ്യയില്‍ ടോക്യോയ്ക്ക് പുറകില്‍ ഡല്‍ഹി രണ്ടാമത്. 1990-ല്‍ നിന്ന്‍ 2014-ലേക്ക് എത്തിയപ്പോള്‍ ഡല്‍ഹിയിലെ ജനസംഖ്യ ഇരട്ടിയായി വര്‍ധിച്ചു. ലോക നഗരവല്‍ക്കരണ സാധ്യതകള്‍ സംബന്ധിച്ച് വ്യാഴാഴ്ച യു.എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 2.5 കോടിയാണ് ഇന്ത്യന്‍ തലസ്ഥാനത്തെ ജനസംഖ്യ.

 

2014-ല്‍ 3.8 കോടി ജനസംഖ്യയുള്ള ടോക്യോ ആണ് പട്ടികയില്‍ ഒന്നാമത്. ജപ്പാന്റെ തലസ്ഥാന നഗരത്തില്‍ ജനസംഖ്യയിലെ വളര്‍ച്ചാ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും 2030 വരെ നഗരജനസംഖ്യയിലെ ഒന്നാം സ്ഥാനം ടോക്യോ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2030-ല്‍ ടോക്യോവിലെ ജനസംഖ്യ 3.7 കോടിയാകുമെന്നും ഇതേവര്‍ഷം ഡല്‍ഹിയിലെ ജനസംഖ്യ 3.6 കോടിയായി ഉയരുമെന്നുമാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്.  

 

നിലവില്‍ 2.1 കോടി ജനസംഖ്യയുള്ള മുംബൈ പട്ടികയില്‍ ആറാമതാണ്. 2030-ല്‍ ജനസംഖ്യ 2.8 കോടിയായി വര്‍ധിച്ച് മുംബൈ നാലാമത്തെ വലിയ നഗരമാകുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. 2.3 കോടി ജനസംഖ്യയുള്ള ചൈനയിലെ ഷാങ്ങ്‌ഹായ് ആണ് ടോക്യോയ്ക്കും ഡല്‍ഹിയ്ക്കും പിന്നില്‍. ലാറ്റിനമേരിക്കന്‍ നഗരങ്ങളായ മെക്സിക്കോ സിറ്റിയും ബ്രസീലിലെ സാവോ പോളോയും 2.1 കോടിയോടെ മുംബൈയ്ക്കൊപ്പമുണ്ട്.

 

2014-നും 2050-നും ഇടയില്‍ ഇന്ത്യ, ചൈന നൈജീരിയ എന്നീ രാജ്യങ്ങളിലായിരിക്കും നഗരവളര്‍ച്ച ഏറ്റവും കൂടുതല്‍ നടക്കുകയെന്ന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ നഗരജനസംഖ്യ ഇപ്പോഴുള്ള 41 കോടിയില്‍ നിന്ന്‍ 2050-ഓടെ 40.4 കോടി പേര്‍ അധികമായി ചേര്‍ന്ന്‍ 81.4 കോടി ആകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ നഗരജനസംഖ്യയുള്ള ചൈനയിലെ 75.2 കോടി പേരോട് 29.2 കോടി പേര്‍ കൂടി ചേരും. ലോകത്തെ നഗരജനസംഖ്യയില്‍ 30 ശതമാനവും ഇന്ത്യയിലും ചൈനയിലുമാണ്.

 

നിലവിലെ ലോകനഗരജനസംഖ്യ 390 കോടിയാണ്. ആകെ ജനസംഖ്യയുടെ 54 ശതമാനത്തോളം വരുമിത്‌. 2050-ഓടെ നഗരജനസംഖ്യ 630 കോടി ആയി ഉയര്‍ന്ന് അകെ ജനസംഖ്യയുടെ 66 ശതമാനമാകുമെന്ന് കണക്കാക്കുന്നു. ഈ വര്‍ധനയില്‍ പരമാവധി നടക്കുക ഏഷ്യയിലും ആഫ്രിക്കയിലും ആയിരിക്കും. എന്നാല്‍, നിലവില്‍ നഗരവത്കരണം ഏറ്റവും കൂടുതല്‍ ഉള്ളത് അമേരിക്കന്‍ ഭൂഖണ്ഡത്തിലും യൂറോപ്പിലുമാണ്. വടക്കേ അമേരിക്കയില്‍ ജനസംഖ്യയുടെ 82 ശതമാനവും ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളില്‍ 80 ശതമാനവും യൂറോപ്പില്‍ 73 ശതമാനവും അധിവസിക്കുന്നത് നഗരങ്ങളിലാണ്. ഏഷ്യയില്‍ ഇത് 48 ശതമാനവും ആഫ്രിക്കയില്‍ 40 ശതമാനവുമാണ്. 2050-ഓടെ ഇത് യഥാക്രമം 64-ഉം 56-ഉം ശതമാനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  

 

ലോകത്തിലെ ഗ്രാമീണജനസംഖ്യയിലെ വളര്‍ച്ചാനിരക്ക് 1950 മുതല്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഗ്രാമീണജനസംഖ്യ 340 കോടിയാണ്. ഇതിന്റെ 90 ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമാണ്. 2020-ഓടെ ജനസംഖ്യ കുറഞ്ഞുതുടങ്ങുമെന്നും 2050-ല്‍ ഗ്രാമീണജനസംഖ്യ 320 കോടിയാകുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു. 85.7 കോടി പേരുള്ള ഇന്ത്യയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഗ്രാമീണജനസംഖ്യ. 63.5 കോടി പേരുള്ള ചൈന കൂടി ചേരുമ്പോള്‍ ലോകഗ്രാമീണജനസംഖ്യയുടെ 45 ശതമാനവും ഈ രണ്ട് രാജ്യങ്ങളിലാകുന്നു. 2050-ഓടെ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയില്‍ 5.2 കോടി പേരുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.   

 

ഇന്ത്യയിലെ കൊല്‍ക്കത്ത, ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവ 2030-ടെ ലോകത്തെ ഏറ്റവും വലിയ 30 നഗരങ്ങളില്‍ ഉള്‍പ്പെടും. നിലവില്‍ 50 ലക്ഷം മുതല്‍ ഒരു കോടി വരെ ജനസംഖ്യയുള്ള ഇന്ത്യയിലെ അഹമ്മദാബാദ്, ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്കൊപ്പം രാജ്യത്തെ മഹാനഗരങ്ങളായി മാറും എന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഒരു കോടിയിലധികം ജനസംഖ്യയുള്ള നഗരങ്ങളെയാണ് റിപ്പോര്‍ട്ട് മഹാനഗരമായി വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ 41 മഹാനഗരങ്ങളാണ് 2030-ടെ ലോകത്ത്  പ്രതീക്ഷിക്കപ്പെടുന്നത്. 1990-ല്‍ പത്ത് മഹാനഗരങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 28 എണ്ണമാണുള്ളത്. 45.3 കോടി പേര്‍ അധിവസിക്കുന്ന ഈ മഹാനഗരങ്ങളിലാണ് ലോകനഗരജനസംഖ്യയുടെ 12 ശതമാനവും.   

Tags