ശാരദ ചിട്ടി തട്ടിപ്പില്‍ പങ്കുണ്ടെന്ന് സി.ബി.ഐ സംശയിച്ചിരുന്ന അസ്സം മുന്‍ ഡി.ജി.പി ശങ്കര്‍ ബറുവയെ ബുധനാഴ്ച വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു. ബറുവയെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഗുവാഹത്തി നഗരഹൃദയത്തിലുള്ള വീട്ടില്‍ നെറ്റിയില്‍ വെടിയേറ്റ നിലയിലാണ് ബറുവയെ കണ്ടെത്തിയതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. പ്രശസ്ത അസ്സമിയ ഗായകന് സദാനന്ദ ഗോഗോയിയെ കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 12-ന് അറസ്റ്റ് ചെയ്തതിനു പിന്നാലെ ബറുവയെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ആശുപത്രി വിട്ടത്. ആഗസ്തില്‍ ബറുവയുടെ വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് നടന്ന ചിട്ടി തട്ടിപ്പില്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. ഒഡിഷ, അസ്സം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് പേര്‍ക്ക് ശാരദ ഗ്രൂപ്പിന്റെ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 2,500 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് കണക്കുകള്‍. 2013 ഏപ്രിലില്‍ കമ്പനി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട 60-ല്‍ അധികം പേര് ആത്മഹത്യ ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേസില്‍ ആരോപണ വിധേയരാണ്.
