ഗതിനിര്‍ണ്ണയ ഉപഗ്രഹം ഐ.ആര്.എന്‍.എസ്.എസ് 1സി വ്യാഴാഴ്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ) വിജയകരമായി വിക്ഷേപിച്ചു. ഏഴു ഉപഗ്രഹങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഗതിനിര്‍ണ്ണയ ഉപഗ്രഹ സംവിധാനത്തിലെ (ഐ.ആര്.എന്‍.എസ്.എസ്) മൂന്നാമത് ഉപഗ്രഹമാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാത്രി 1.32-നാണ് പി.എസ്.എല്‍.വി സി-26 റോക്കറ്റ് ഉപഗ്രഹത്തേയും വഹിച്ച് കുതിച്ചുയര്‍ന്നത്. 20 മിനിറ്റിനു ശേഷം ഉപഗ്രഹത്തെ വിക്ഷേപിച്ചു. പി.എസ്.എല്‍.വിയുടെ തുടര്‍ച്ചയായി 27-ാമത്തെ വിജയകരമായ വിക്ഷേപണമാണിത്.
വിക്ഷേപണം കൃത്യമായിരുന്നുവെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കെ. രാധാകൃഷ്ണന് പറഞ്ഞു. പി.എസ്.എല്‍.വി കേവലം 60 ദിവസം കൊണ്ടാണ് വിക്ഷേപസജ്ജമാക്കിയതെന്നും 1,000 പേരടങ്ങുന്ന സംഘം കഴിഞ്ഞ നാല് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും രാധാകൃഷ്ണന് അറിയിച്ചു.
റോഡുകളിലെ ഗതിനിര്‍ണ്ണയം മുതല്‍ വ്യോമ ഗതാഗതം, ദുരന്ത നിവാരണം, ഭൂപട നിര്‍മ്മാണം, രഹസ്യ നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വരെ പ്രയോജനപ്പെടുന്നതാണ് ഉപഗ്രഹം. ഏഷ്യാ ഭൂഖണ്ഡത്തെ ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാന്‍ സാധിക്കുന്നതിലൂടെ ഗതിനിര്‍ണ്ണയത്തിലും രഹസ്യനിരീക്ഷണത്തിലും ഇന്ത്യയെ സ്വയം പര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഐ.ആര്.എന്‍.എസ്.എസ്.
സംവിധാനത്തിലെ നാലാം ഉപഗ്രഹം ഡിസംബറില്‍ വിക്ഷേപിക്കും. അടുത്ത വര്‍ഷം ഐ.ആര്.എന്‍.എസ്.എസ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും.