Skip to main content

ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിനെതിരെ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കാന്‍ എയര്‍ ഇന്ത്യയോട് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. തുടര്‍ന്ന്‍, എം.പിയ്ക്കുള്ള വിലക്ക് എയര്‍ ഇന്ത്യ നീക്കി. മറ്റ് വിമാനക്കമ്പനികളും വിലക്ക് പിന്‍വലിക്കും.

 

രണ്ടാഴ്ച മുന്‍പ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ്‌ ആദ്യം എയര്‍ ഇന്ത്യയും പിന്നാലെ സ്വകാര്യ വിമാനക്കമ്പനികളും എം.പിയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. എം.പി മാപ്പ് പറയാതെ യാത്രാവിലക്ക് പിന്‍വലിക്കില്ലെന്നായിരുന്നു വിമാനക്കമ്പനികളുടെ നിലപാട്.  

 

എന്നാല്‍, വിഷയത്തില്‍ കഴിഞ്ഞ ദിവസം ഭരണമുന്നണിയുടെ ഭാഗമായ ശിവസേന എം.പിമാര്‍ ലോക്സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കുകയും വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജുവിനെ വളയുകയും ചെയ്തിരുന്നു.

 

തുടര്‍ന്ന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രിയ്ക്ക് ഗെയ്ക്വാദ് എഴുതിയ കത്ത് സ്വീകരിച്ച് വിലക്ക് പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യയോട് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.