അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യം കഴിഞ്ഞയാഴ്ച നടത്തിയ ബോംബ് ആക്രമണത്തില്‍ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത് സംബന്ധിച്ച് ഉറപ്പ് പറയാറായിട്ടില്ലെന്നും സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രതികരിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ താവളമുറപ്പിച്ചിരിക്കുന്ന അചിന് ജില്ലയിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് എന്ന ബോംബ് യു.എസ് സൈന്യം പ്രയോഗിച്ചത്. അണുബോംബ് കഴിഞ്ഞാല്‍ ഏറ്റവും പ്രഹരശേഷിയുള്ള ബോംബാണിതെന്നാണ് യു.എസ് പറയുന്നത്. ആദ്യമായാണ് ഒരു സൈനിക നടപടിയില്‍ ഈ ബോംബ് പ്രയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേര് ഈ പ്രവിശ്യയിലെത്തി ഐ.എസ് സംഘത്തില്‍ ചേര്‍ന്നിരുന്നു. ഇതില്‍ രണ്ട് പേര് നേരത്തെ തനെന് യു.എസ് ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എ സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിശ്വസനീയ വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി അഫ്ഗാന് വാര്‍ത്താ ഏജന്‍സി പറയുന്നു. കൊല്ലപ്പെട്ട ഐ.എസ് കമാണ്ടര്‍മാരായ മൊഹമ്മദ്, അല്ലാ ഗുപ്ത എന്നിവര്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ആണെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
