പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെഎസ്.യു സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോളേജ് കോമ്പൗണ്ടില്‍ കടന്ന വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളും ഉപകരണങ്ങളും അടിച്ചു തകർത്തു.
കോളേജില്‍ നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിനു നേരെ വിദ്യാർഥികൾ കല്ലെറിഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. പോലീസ് ജീപ്പിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ഇതോടെ പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് കോളജിലേക്ക് ഇരച്ചുകയറി.
വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരുന്ന കോളേജിലേയ്ക്ക് ആദ്യം എ.ബി.വി.പിയുടേയും പിന്നീട് കെഎസ്.യുവിന്റേയും തുടര്‍ന്ന് എസ്.എഫ്.ഐയുടേയും പ്രവര്‍ത്തകരാണ് പ്രകടനമായെത്തിയത്. ശക്തമായ പോലീസ് സന്നാഹമാണ് കോളേജിനു മുന്നിലുണ്ടായിരുന്നത്. എ.ബി.വി.പി മാര്‍ച്ച് സമാധാനപരമായി അവസാനിച്ചെങ്കിലും കെഎസ്.യു, എസ്.എഫ്.ഐ പ്രകടനങ്ങള്‍ അക്രമാസക്തമാവുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിഷ്ണു. കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ജിഷ്ണുവിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായും മര്‍ദ്ദിച്ചതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് അധികൃതര്‍ സഹായിച്ചില്ലെന്നും സഹപാഠികള്‍ പറഞ്ഞു. അച്ചടക്ക നടപടി എന്ന പേരില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് കോളേജില്‍ പതിവാണെന്നും ആരോപണമുണ്ട്.