ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമ ഘട്ടത്തിന്റെ രോദനമാണ്

Wed, 17-04-2013 01:15:00 PM ;

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വന്ന പരാതികള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഡോ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി പാനലിനെ നിയോഗിച്ചത്. പാനലിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ചും കേരളത്തില്‍ നിന്ന്, ശക്തമായ എതിര്‍പ്പുയര്‍ന്നപ്പോഴാണ് പ്ലാനിംഗ് കമ്മീഷന്‍ അംഗം ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ റിപ്പോര്‍ട്ടില്‍ നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലയേല്‍പ്പിച്ചത്.

 

എന്താണ് പശ്ചിമഘട്ടം?

ദക്ഷിണേന്ത്യന്‍ പരിസ്ഥിതിയുടേയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ല്. കാവേരി, കൃഷ്ണ, ഗോദാവരി, പെരിയാര്‍, നേത്രാവതി തുടങ്ങി എല്ലാ ദക്ഷിണേന്ത്യന്‍ നദികളുടെയും ഉത്ഭവസ്ഥാനം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഗതി തടയുന്നതിലൂടെ ദക്ഷിണേന്ത്യയുടെ  കാലാവസ്ഥയേയും പശ്ചിമഘട്ടം നിര്‍ണ്ണയിക്കുന്നു. ഈ നദികളേയും കാലാവസ്ഥയേയും ആശ്രയിച്ചാണ്‌ ദക്ഷിണേന്ത്യയിലെ കൃഷിയും ജീവിതവും. അപൂര്‍വ്വങ്ങളായ സസ്യ-ജന്തു ജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടത്തെ മലനിരകള്‍. ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനായി അതീവ പരിഗണന നല്‍കേണ്ട ലോകത്തിലെ എട്ട് ഹോട്ട്സ്പോട്ടുകളില്‍ ഒന്ന്. യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്. കുടിയേറ്റം മുതല്‍ ഖനനം വരെ വിവിധ ഭീഷണികള്‍ കാളിദാസന്‍ പച്ചപ്പട്ടുടുത്ത കന്യകയായി വിശേഷിപ്പിച്ച പശ്ചിമഘട്ടത്തിന്റെ വസ്ത്രാക്ഷേപം നടത്തുകയാണ്.

 

ആരാണ് മാധവ് ഗാഡ്ഗില്‍?

മഹാരാഷ്ടയില്‍ സഹ്യാദ്രിയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന 71 കാരനായ ഗാഡ്ഗിലിന്റെ ഇതുവരെയുള്ള ജീവിതം മുഴുവന്‍ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പഠനങ്ങളും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. യു.എസ്സിലെ ഹവാഡ്‌ സര്‍വ്വകലാശാലയില്‍ നിന്ന് പരിസ്ഥിതി ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയ അദ്ദേഹം ഹവാഡിലും യു.എസ്സിലെ തന്നെ സ്റ്റാന്‍ഫോഡ്, കാലിഫോര്‍ണിയ സര്‍വ്വകലാശാലകളിലും പഠിപ്പിച്ചു. 1973 മുതല്‍ 2004 വരെ ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ അധ്യാപകനായിരുന്ന അദ്ദേഹമാണ് അവിടെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രം സ്ഥാപിച്ചത്. കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളെയും കര്‍ഷകരെയും  ഉള്‍പ്പെടുത്തി പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2002ലെ ഇന്ത്യന്‍ ജൈവവൈവിധ്യ നിയമത്തിന്റെ കരടും നീലഗിരി ജൈവമണ്ഡല സംരക്ഷിത പ്രദേശത്തിന്റെ പദ്ധതി രേഖയും തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

 

ആരാണ് കൃഷ്ണസ്വാമി കസ്തൂരിരംഗന്‍?

ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരിരംഗന്‍ ഒമ്പതു വര്‍ഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായിരുന്നു. 2003ല്‍ വിരമിച്ചതിനു ശേഷം ആറു വര്‍ഷം രാജ്യസഭാംഗം. നിലവില്‍ പ്ലാനിംഗ് കമ്മീഷന്‍ അംഗം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നാല് സിവിലിയന്‍ പുരസ്കാരങ്ങളില്‍ മൂന്നും, പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, നേടിയിട്ടുണ്ട്.

 

          ജുറാസിക് പാര്‍ക്ക് എന്ന ചലച്ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ അവസാനത്തില്‍ മുഖ്യ കഥാപാത്രം അലന്‍ ഗ്രാന്റ് മനുഷ്യരെ രണ്ടു വിഭാഗക്കാരായി തിരിക്കുന്ന ഒരു സംഭാഷണമുണ്ട്. അസ്ട്രോണമര്‍ ആകാനും അസ്ട്രോണട്ട് ആകാനും ആഗ്രഹിക്കുന്നവര്‍ എന്ന്. ബഹിരാകാശത്തിന്റെ വിസ്മയങ്ങള്‍ ലബോറട്ടറിയുടെ സുരക്ഷിതത്തില്‍ നിന്ന് കൊണ്ട് പഠിക്കുന്നവരാണ്  അസ്ട്രോണമര്‍മാര്‍. ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നവര്‍ അസ്ട്രോണട്ടുകളും. ഭാവനയില്‍ കാണുന്നതും അനുഭവിച്ചറിയുന്നതും തമ്മിലുള്ളതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. കസ്തൂരിരംഗന്‍ തന്റെ പഠനമേഖലയില്‍ തന്നെ ഒരു അസ്ട്രോണമര്‍ ആയിരുന്നു. പശ്ചിമഘട്ടത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും അദ്ദേഹത്തിന്റെ ഉള്ളിലെ അസ്ട്രോണമര്‍ എഴുതിയതാണ്. അതേസമയം, ഗാഡ്ഗില്‍ പശ്ചിമഘട്ടത്തെ ജീവിച്ചറിഞ്ഞ വ്യക്തിയാണ്. അതുകൊണ്ടാണ് ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമല്ല എന്ന് വിമര്‍ശിക്കുന്നവരും ആ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാത്തത്.  വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ രോദനം ആ റിപ്പോര്‍ട്ടിലുണ്ട്. അത് കേള്‍ക്കാന്‍ തയ്യാറാകാതെ കമ്മിറ്റികള്‍ക്ക് മേല്‍ കമ്മിറ്റികളുമായി സ്ഥാപിത താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന ബ്യൂറോക്രാറ്റിക്ക് തന്ത്രങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പശ്ചിമഘട്ടത്തിന്റെ ചരമകുറിപ്പ് തയ്യാറാക്കാനും ഒരു കമ്മിറ്റിയെ വൈകാതെ നിയമിക്കാവുന്നതാണ്.

Tags: