Skip to main content
Delhi

Vijay Mallya_Arun Jaitley

രാജ്യം വിടുംമുമ്പ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തല്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതീവ ഗൗരവ സ്വഭാവമുള്ള ആരോപണമാണ് വിജയ് മല്യ ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സ്വതന്ത്ര അന്വേഷണം വേണം, പ്രധാനമന്ത്രി അതിനുള്ള നടപടി സ്വീകരിക്കണമെന്നും രാഹുല്‍ പറഞ്ഞു.

 

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മല്യക്ക് രാജ്യം വിടാന്‍ കൂട്ടുനിന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അരുണ്‍ ജെയ്റ്റ്‌ലിയും മല്യയും കൂടികാഴ്ച്ച നടത്തിയത് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു. ഇത് തനിക്ക് അറിയാമെന്നും കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ വ്യക്തമാക്കി. തെളിവ് വേണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ലണ്ടനില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ജെയ്റ്റ്‌ലിയെ കണ്ട കാര്യം മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ 2014-ന് ശേഷം തന്നെ കാണാന്‍ മല്യക്ക് അനുവാദം നല്‍കിയിട്ടില്ലെന്നു പറഞ്ഞ ജെയ്റ്റ്‌ലി ആരോപണം നിഷേധിച്ചു. 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യവിട്ടത്.