Skip to main content
Alappuzha

thomas chandy, kanam

കായല്‍ കൈയേറ്റ വിഷയത്തില്‍ അന്വേഷണ സംഘത്തിനുനേരെ വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി. ജനജാഗ്രതായാത്രയ്ക്ക് കുട്ടനാട്ടില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് മന്ത്രി തോമസ് ചാണ്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തിക്കൊണ്ട് വെല്ലുവിളി നടത്തിയത്.തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും തന്റെ വെല്ലുവിളി ഇതുവരെ പ്രതിപക്ഷം ഏറ്റെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.


കൈയേറ്റ തെളിയിക്കാന്‍ ഇപ്പോഴും താന്‍ ആവശ്യപ്പെടുകയാണ്. ആര്‍ക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാവുന്നതേയുള്ളൂ. എന്നാല്‍, എവിടെച്ചെന്ന് പരിശോധിച്ചാലും അല്‍പം പോലും കയ്യേറ്റം താന്‍ നടത്തിയെന്ന് കണ്ടെത്താനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

 

 ആരെയും വെല്ലുവിളിക്കാനല്ല മറിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയാണ്  ജനജാഗ്രതായാത്രയെന്ന്
തോമസ് ചാണ്ടിക്ക് മറുപടിയെന്നോണം കാനം രാജേന്ദ്രന്‍ പറഞ്ഞു. കൈയേറ്റ  വിഷയത്തില്‍ ഭരണ മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കുന്നതിനിടെയാണ് തോമസ് ചാണ്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഒരേവേദിയില്‍ എത്തിയത്. തോമസ് ചാണ്ടിയുടെ കേസ് വാദിക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലും സി.പി.ഐയും തമ്മില്‍ വാക്‌പോരും ഉണ്ടായിരുന്നു.