കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സി.പി.എം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്.കേസന്വേഷണത്തിന്റെ ഭാഗമായി സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 30 പേരെയാണ് മട്ടന്നൂര്‍ പൊലീസ് ഇതുവരെ ചോദ്യം ചെയ്തത്. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് നിഗമനം.
ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിന് മുമ്പില്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്.ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഈ സര്‍ക്കാര്‍ എത്തിയതിന് പിന്നാലെ നടന്ന 21 ാമത്തെ കൊലയാണ് ഇതെന്നും മനുഷ്യനെ വെട്ടിക്കൊല്ലുന്നതിന് എന്ത് ന്യായീകരിണമാണ് പറയാനുള്ളതെന്നും ചോദിച്ചു.
സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വി.ഡി. സതീശനും, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും ആരോപിച്ചു.
