രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കുമെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചില്‍ നടന്ന ബൂത്ത് ഭാരവാഹികളുടെ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാ പാവപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിശ്ചിത തുക നിക്ഷേപിക്കും. രാജ്യത്തെ പട്ടിണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയും ബി.ജെ.പിയും ജനങ്ങളെ പറഞ്ഞ് പറ്റിച്ചത് പോലെയല്ല, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെ, വിവരാവകാശ നിയമം നടപ്പിലാക്കിയത് പോലെ, ആ പാത പിന്തുടര്‍ന്നുകൊണ്ടായിരിക്കും ഈ പദ്ധതിയും നടപ്പിലാക്കുക.
നരേന്ദ്ര മോഡി ശ്രമിക്കുന്നത് രാജ്യത്തെ രണ്ടാക്കാനാണെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. മോഡി രാജ്യത്തെ പതിനഞ്ച് വ്യവസായികളുടെ ക്ഷേമത്തിന് വേണ്ടിമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരുടെയും യുവാക്കളുടെയും ദരിദ്രരുടെയും ഒരാവശ്യം പോലും നിറവേറ്റാന്‍ മോഡിക്കായിട്ടില്ല. പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബി.ജെ.പി നടത്തുന്നത്. അവരുടെ വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരണം. അത് കോണ്‍ഗ്രസിന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്.
എല്ലാ വിഭാഗങ്ങളും ഒന്നിച്ച് നിന്നാല്‍ മാത്രമേ രാജ്യ പുരോഗതി സാധ്യമാവുകയൂള്ളൂ. കേന്ദ്രത്തില്‍ മോഡിയും കേരളത്തില്‍ സി.പി.എമ്മും നടത്തുന്നത് സമാനമായ പ്രവര്‍ത്തനങ്ങളാണ് രണ്ട് പേരും അക്രമത്തിന്റെ പാതയിലാണ് നീങ്ങുന്നത്. അക്രമം കൊണ്ട് ഒരിക്കലും നല്ലത് സംഭവിക്കില്ല. മഹാപ്രളയത്തെ നേരിട്ട സംസ്ഥാനമാണ് കേരളം. പ്രളയ സമയത്ത് മലയാളിയുടെ ഒത്തൊരുമ ലോകം കണ്ടതാണ്. കേരളത്തിലുള്ളവര്‍ മാത്രമല്ല പ്രവാസികളായ മലയാളികളും പ്രളയസമയത്ത് തങ്ങളുടെ നാടിനെ രക്ഷിക്കാന്‍ പ്രയത്‌നിച്ചു. മലയാളികളുടെ ആ പ്രവര്‍ത്തനത്തില്‍ തനിക്ക് അഭിമാനമുണ്ട്. എന്നാല്‍ കേരളത്തിന്റെ ആ ഒരുമയെ തകര്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും സി.പി.എമ്മില്‍ നിന്നും ഉണ്ടാകുന്നത്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം. അത് തന്നെയാണ് ബി.ജെ.പിയും ചെയ്യുന്നത്.
പ്രളയം കഴിഞ്ഞ് നാളിത്രയായിട്ടും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കേരളത്തിലെ യുവാക്കള്‍ക്ക് തൊഴിലില്ല, കൃഷിക്കാര്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല, സത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. സ്ത്രീകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
