നവാഗത സംവിധായകന്‍ രാജേഷ് മോഹനന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന 'തൃശൂര്‍ പുരത്തി'ന്റെ ട്രെയിലറെത്തി. തൃശൂരും പൂരവും ഒക്കെ പശ്ചാത്തലമാകുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് സിനിമ. ചിത്രത്തില്‍ പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സ്വാതി റെഡ്ഡിയാണ് നായിക.
മൂന്നുമിനിറ്റും എട്ട് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രക്ഷേകരെ ത്രസിപ്പിക്കുന്ന ഒരുപിടി ആക്ഷന്‍ രംഗങ്ങളുണ്ട്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിലെ 'സഖിയെ' എന്ന ഗാനം നേരത്തെ പുറത്ത് വന്നിരുന്നു. ഇത് യടൂബ് ട്രെന്റിങ്ങിന്‍ മുന്നിലെത്തുകയും ചെയ്തു.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. പുണ്യാളന്‍ അഗര്‍ബത്തീസിനു ശേഷം തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തില്‍ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ഡിസംബര്‍ 20ന് 'തൃശൂര്‍ പൂരം' തിയറ്ററുകളിലെത്തും.