2018 ജൂണ്‍ 12 ചരിത്രത്തില്‍ ഇടം പിടിക്കുന്നത് സിങ്കപ്പൂരിലെ സാന്റോസയില്‍ വച്ച് നടന്ന ഡൊണാള്‍ഡ് ട്രംപ് കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലൂടെയാണ്. ലോകമുറ്റുനോക്കിയ ആ കൂടിക്കാഴ്ച ഇരു നേതാക്കളുടെയും ശരീരഭാഷകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. സൗഹൃദത്തിന്റെ പ്രകടനമായ ഹസ്തദാനം, കെട്ടിപ്പിടി, തോളില്‍ തട്ടല്‍, ചിരി, നോട്ടം, എന്നിവയൊക്കെ ഇരു നേതാക്കളും കൈമാറി.
ആണവയുദ്ധത്തിന്റെ മുകളിലിരുന്നുകൊണ്ടുള്ള ആ നേതാക്കന്മാരുടെ ഇത്തരത്തിലെങ്കിലുമുള്ള കൂടിച്ചേരല്‍ ലോകത്തിന് വലിയ ആശ്വാസം തന്നെ. എന്നിരുന്നാലും ട്രംപും കിമ്മും തമ്മിലുള്ള സൗഹൃദപ്രകടന ഭാഷയിലൂടെ വ്യക്തമാക്കപ്പെട്ടത് വ്യക്തിവൈകൃതം കൂടിയായിരുന്നു. ഞാനാണ് വലിയവന്‍ ഞാനും മോശക്കാരനല്ല. എന്നീ വികാരങ്ങളുടെ വെളിപ്പെടുത്തല്‍.
ഇതിന്റെ പശ്ചാത്തലത്തിലാണ് മുകളില്‍ കൊടുത്തിരിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടി, പരസ്പരം യാത്രചോദിച്ച് പിരിയുമ്പോഴുള്ള ഹൃദയസ്പര്‍ശിയായ രംഗം വീക്ഷിക്കേണ്ടത്. ഈ സുഹൃത്തുക്കളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും, നമുക്കൊക്കെ പരിചയമുള്ളവര്‍ തന്നെ. കൃഷ്ണനും കുചേലനും. ഇതൊരവസരം കൂടിയാണ്. സ്വയം ചോദിക്കാന്‍. നമ്മളുടെ സൗഹൃദ പങ്ക് വയ്പുകള്‍ ട്രംപ്-കിം മാതൃകയിലുള്ളതാണോ അതോ കൃഷ്ണ-കുചേല രീതിയിലുള്ളതോ എന്ന്.