Skip to main content

കോൺഗ്രസ്സിൽ " ഓപ്പറേഷൻ ക്രിസ്ത്യാനി"

Santhosh M Thomas
Santhosh M Thomas
Santhosh M Thomas

അങ്ങനെ, കോൺഗ്രസിൽ ‘’ഓപ്പറേഷൻ ക്രിസ്ത്യാനി’’ തുടങ്ങി. ഓപ്പറേഷൻ സിന്ദൂരവും കുങ്കുമവുമൊക്കെ വർഗീയമാണ്. ഇതാണെങ്കിൽ തനി മതേതരം. തല ക്രിസ്ത്യാനിയെങ്കിൽ ഇടംകൈ ഈഴവനും വലംകൈ മുസ്ലീമും എന്നിങ്ങനെയുള്ള മതേതരചേരുവയുള്ള മനുഷ്യന്മാരുള്ള നാടാണ് കേരളം. മോദിയുടെ ചാതുർവർണ്യം പോലെയല്ല, ഞങ്ങളുടെ നാട്ടിലിതിന്, ഇംഗ്ലീഷിൽ സോഷ്യൽ എൻജിനീയറിങ് എന്ന് പറയും.
 
എന്തായാലും ഒന്നാന്തരമൊരു സത്യക്രിസ്ത്യാനിയായ സണ്ണി ജോസഫിനെ കെ. പി. സി. സി. പ്രസിഡൻറാക്കിയതു കേമമായി. തൊപ്പിപ്പാളയും വച്ച് മലയോരത്ത് മണ്ണിനോടു പൊരുതുന്ന കുടിയേറ്റ കർഷകനാണ് അസ്സൽ ക്രിസ്ത്യാനി. ആ ബ്രാൻഡ് ക്രിസ്ത്യാനിയെ കണ്ടാൽ ഏതു ബിഷപ്പും വീഴും, ഇലക്ഷനു മുമ്പേ വോട്ടുപെട്ടി നിറയും.
 
എംഎൽഎ കൂടിയായതിനാൽ സണ്ണിക്ക് പിണറായിയെ മറിച്ചിടാൻ എളുപ്പമാണ്. എംഎ ബേബി ഈയിടെ ട്രംപിനെ മറിച്ചിട്ടതുപോലെയൊന്നുമായിരിക്കില്ല, സാക്ഷാൽ മറി. സുധാകരന്റെ നിയോഗം ശിഷ്യനു വിട്ടുകൊടുത്തെന്നു കരുതിയാൽ മതി.    
  
എന്നാലും, കൂടോത്രത്തിന് ഇത്ര ശക്തിയുണ്ടെന്നു കരുതിയില്ല. സുധാകരന്റെ വീട്ടിലും കെ.പി.സി.സി. ഓഫീസിലും ശത്രുക്കൾ ഇട്ട തകിടിന് ഉണ്ണിത്താൻ മറുകൂടോത്രം വരെ ചെയ്തതാണ്. അതു ഫലിച്ചില്ല, ആദ്യത്തേതു ഫലിക്കുകയും ചെയ്തു. എന്തായാലും സുധാകരന്റെ ബദ്ധശത്രുവായ പിണറായി കെ.പി.സി.സി. ഓഫിസിലോ വീട്ടിലോ കയറി കൂടോത്രം ചെയ്യില്ലെന്നുറപ്പാണ്. അപ്പോൾപിന്നെ, സുധാകരനെ പ്രത്യേക ആക്ഷനിലൂടെ തട്ടിത്താഴെയിട്ടത് മറ്റാരോ ആണ്. സുധാകരനേ നീക്കിയാലേ, പാർട്ടിയെ തങ്ങളുടെ കൈപ്പിടിയിൽ പൂർണമായും കൊണ്ടുവരാൻ കഴിയൂ എന്നറിയാവുന്ന ആരെങ്കിലുമായിരിക്കണം.
 
വോട്ടു പിടിക്കാനാണെങ്കിൽ, അതിനു ശേഷിയുള്ള ആരെയെങ്കിലും വേണ്ടേ പകരം കൊണ്ടുവരാൻ. പാർട്ടിക്കു പുറത്തും യൂഡീഎഫിലെ ഘടകകക്ഷികൾക്കും കേരളത്തിലെ പൊതുസമൂഹത്തിനും സ്വീകാര്യരായ രണ്ടോമുന്നോ നേതാക്കളേ കോൺഗ്രസിലുള്ളൂ. അതിൽ ഒന്ന് ശശി തരൂരും രണ്ട് കെ മുരളീധരനും മൂന്ന് രമേശ് ചെന്നിത്തലയുമാണ്. തനിക്കു പാർട്ടിക്കു പുറത്ത് നല്ല സ്വാധീനമുണ്ടെന്നു തരൂർ ഒന്നു വിളിച്ചുകൂവിയതുമാണ്. സത്യമാണെങ്കിലും, പറഞ്ഞിട്ടു ആരെങ്കിലും കേൾക്കണ്ടേ? ശശി തരൂരിനെ ഹൈക്കമാൻഡ് നേരത്തേ തന്നെ മഴയത്തുനിർത്തിയിരിക്കുകയാണ്. എന്നുതന്നെയല്ല, തരൂരിനു കേരളരാഷ്ട്രീയത്തിൽ നോട്ടമുണ്ടെന്നു കണ്ടയുടനെ വെട്ടിവീഴ്ത്താൻ ഇവിടത്തെ നേതാക്കളെല്ലാംകൂടി ചാടിയിറങ്ങിയതു മറക്കാറായിട്ടില്ല. മുരളീധരനോ ചെന്നിത്തലയോ വന്നാൽ തങ്ങളുടെ പിടിയിൽ നിൽക്കില്ലെന്നും ഈ നേതാക്കൾക്കറിയാം. 

അദാനിയുടെ മാർക്സിസ്റ്റ് പാർട്ടിയിലാണെങ്കിൽ, ചത്തത് കീചകനെങ്കിൽ കൊന്നതു പിണറായി എന്നു പറയാം. കോൺഗ്രസിലാണെങ്കിൽ അതു വി. ഡി.  സതീശനോ കെ. സി. വേണുഗോപാലോ ആയിരിക്കും. എന്നെങ്കിലും താൻ ഒരു മുഖ്യമന്ത്രിയായാൽ, നല്ല അനുസരണയും അടക്കവും ഒതുക്കവും സർവോപരി ആരോഗ്യവുമുള്ള ഒരു കേപ്പീസീസീ പ്രസിഡന്റിനെയാണ് കൂടെ വേണ്ടതെന്ന് കെ. സി. വേണുഗോപാലിനും വി. ഡി. സതീശനും തോന്നിയാൽ തെറ്റുപറയാൻ പറ്റുമോ. 

ഒരു കോവിഡ് വന്നു മുഖ്യമന്ത്രിക്കുപ്പായം കീറിയെന്നു പറഞ്ഞ്, കോവിഡ് വരുമ്പോഴെല്ലാം കുപ്പായം കീറുമോ? അങ്ങനെയാണ്, നല്ല ആരോഗ്യമുള്ള കെപിസിസി പ്രസിഡന്റു വേണമെന്നും പാർട്ടിയെ നയിക്കാൻ നല്ല ബ്രാൻഡഡ് ക്രിസ്ത്യാനി വേണമെന്നും നിലയവിദ്വാന്മാരായ വൈദ്യന്മാർ ചികിത്സ കുറിച്ചത്. അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ക്രിസ്ത്യാനിയെ സ്ഥാനാർഥിയാക്കണമെന്ന് നിലമ്പൂരിൽ നിന്നുവന്ന അൻവർ വൈദ്യൻ ഒരുപടികൂടി കടത്തിപ്പറഞ്ഞു. എന്തായാലും ക്രിസ്ത്യാനി രസായനം തന്നെ കോൺഗ്രസിന്റെ ക്ഷീണമകറ്റാൻ വേണ്ടതെന്ന് എല്ലാവരും ഉറപ്പിച്ചു. മോൻസൻ മാവുങ്കലിന്റെ കോളേജിൽ പഠിച്ചവരാണല്ലോ ഇവരെല്ലാം. 

ദീപാ ദാസ് മുൻഷിയെ നേരത്തേതന്നെ അത്ര മതിപ്പില്ലായിരുന്നു സുധാകരന്. സ്നേഹത്തിന്റെ കടയിലിട്ട് ചിവിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നതാണ് ശുദ്ധഗതിക്കാരനായ സുധാകരനുണ്ടായ പാളിച്ച. തെലങ്കാനയുടെ എഐസിസി ചുമതലയുണ്ടായിരുന്നപ്പോൾ, ദീപ അവിടെ ആഡംബരജീവിതം നയിക്കാൻ വരുന്നതാണെന്നും അവരുടെ ചെലവ് താങ്ങാനാവുന്നില്ലെന്നും പറഞ്ഞ് സ്വന്തം പാർട്ടിക്കാർ അവിടെ നിന്നു മാറ്റിച്ചതാണെന്നും ചിലർ പറയുന്നുണ്ട്. ഏതായാലും സുധാകരനിട്ട് പണി കൊടുത്തിട്ടാണ് മുൻഷി പോയിരിക്കുന്നത്. വർക്കിങ് കമ്മിറ്റിയൊന്ന് കൂടട്ടെ, ശരിക്കുള്ള സുധാകരനെ കാണാനിരിക്കുന്നതേയുള്ളൂ മുൻഷി.  

ഓപ്പറേഷൻ ക്രിസ്ത്യാനി എന്ന കള്ളപ്പേരിട്ട് പിൻവാതിലിൽകൂടി ആളേക്കയറ്റാനുള്ള വിദ്യ ബ്രണ്ണൻ കോളേജിൽ പോയി പഠിക്കേണ്ട കാര്യമുണ്ടോ? ഗോവിന്ദൻ മാഷിനെ സാമ്പിളാക്കിയാൽ മതി, സിംപിൾ. അതോടെയാണ് കോൺഗ്രസിലെ ക്രിസ്ത്യാനികളെല്ലാം ഉറക്കം വിട്ടുണർന്നത്. മലയോരജാഥ നടത്തി, വോട്ടെല്ലാം പെട്ടിയിലാക്കിയതിന്റെ ക്ഷീണത്തിൽ ഒന്നു മയങ്ങിപ്പോയതാണ് എല്ലാവരും. എന്നാൽ ഇങ്ങനെയൊരു ചാൻസു കിടപ്പുണ്ടെന്നറിഞ്ഞ് രാവിലെതന്നെ എണീറ്റ് ടിക്കറ്റെടുത്തത് ആന്റോ ആന്റണിയാണ്.

പാർട്ടിയിലും പാർലമെന്റിലും ഉറക്കംതൂങ്ങിയാണെന്നു ആരൊക്കെ കളിയാക്കിയിട്ടും കാര്യമില്ല. നല്ലൊരു എതിർസ്ഥാനാർഥിയില്ലാത്തതുകൊണ്ടു മാത്രം ഉറങ്ങിയിരുന്നിട്ടും മൂന്നുനാലുതവണ ജയിച്ചയാളാണ് മേപ്പടിയാൻ. അപ്പോൾ ഏതു തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ ജയിപ്പിക്കാൻ  ആന്റോയല്ലാതെ യോഗ്യനായി ആരുണ്ട്? പോരാത്തതിനു പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയിൽ ആന്റോയ്ക്കും ആന്റോയ്ക്കു വധേരയിലും നല്ല സ്വാധീനവുമുള്ളപ്പോൾ. ആറന്മുളയിൽ വിമാനത്താവളമുണ്ടാക്കാൻ ആന്റോ കിണഞ്ഞുമൽസരിച്ചത് വധേരയ്ക്കുവേണ്ടിയായിരുന്നുവെന്ന് പണ്ടേ കേട്ടിട്ടുണ്ട്. വധേരയ്ക്കു സ്ഥലമെടുത്തുമറിച്ചുകൊടുക്കുന്ന ബിസിനസായിരുന്നു അന്ന്. 

അങ്ങനെയൊക്കെ നോക്കുമ്പോൾ വധേരയ്ക്കും പ്രിയങ്കയ്ക്കും രാഹുലിനും സോണിയയ്ക്കും എല്ലാം സ്വീകാര്യനാണ് ആന്റോ. പോരാത്തതിന്, രാഷ്ട്രീയത്തിലിറങ്ങാൻ മുട്ടിമുട്ടിയിരിക്കുന്ന വധേരയ്ക്ക് പത്തനംതിട്ട സീറ്റും പിന്നാലേ  തരപ്പെടുത്താനാവും. വധേരയെ തടയാൻ പോന്നവരാരും ഇവിടെങ്ങുമില്ല. പറഞ്ഞിട്ടു കാര്യമുണ്ടോ, ആന്റോയുടെ പേരു വന്നയുടനെ, മലയിളകിയോ കാടിളകിയോ ഉരുൾപൊട്ടിയോ? എന്തോ, എല്ലാം കൂടിയിളകി ഒറ്റ വരവായിരുന്നു. ആന്റോ ഏതോ വഴിയേ പോയി.

സുധാകരൻ പ്രസിഡന്റായിരിക്കുന്നത് എല്ലാവർക്കും പൊല്ലാപ്പായിരുന്നു. വി. ഡി. സതീശനോ കെ. സി. വേണുഗോപാലോ മുഖ്യമന്ത്രിയാവുകയും അപ്പോൾ തൊട്ടടുത്തിരുന്ന് സുധാകരൻ വല്ലതും പറഞ്ഞാൽ മൈക്കിലൂടെ നാട്ടുകാർ കേട്ടെന്നുവരാം. മൈക്ക് എന്നു പറയാൻ നാക്കെടുത്തിട്ട്, പറയുന്നത് മൈ എന്നു മാത്രമായിപ്പോയാലും പ്രശ്നമാണ്. പിണറായിയാണെങ്കിൽ ആ കുഴപ്പമില്ല. പിണറായിയെ കണ്ടപാടേ കാണാത്തപാടേ മൈക്ക് തന്നെ കേറിയങ്ങു കേടാകും. 

തെരഞ്ഞെടുപ്പായ തെരഞ്ഞെടുപ്പെല്ലാം തോറ്റു കക്ഷത്തിലൊന്നുമില്ലാതിരിക്കുന്ന കെ. സി. വേണുഗോപാലിനും സുധാകരനൊരു പൊല്ലാപ്പാണ്. വേണുഗോപാലിനും മുഖ്യമന്ത്രിയാകാൻ പറ്റുന്നവിധം ഗ്രഹങ്ങളെല്ലാം പതിനൊന്നാം ഭാവത്തിൽ വന്നു നിൽക്കുകയാണ്. ഗ്രഹനിലയിൽ മാത്രമല്ല, സോണിയയുടെ ഗൃഹത്തിലും വേണുവിനു നല്ല വിലയും നിലയുമുണ്ട്. എം.എം. ഹസൻ, കെ. മുരളീധരൻ, രമേശ് ചെന്നിത്തല എന്നിങ്ങനെ എല്ലാവർക്കും ഒരു പടികൂടി കടന്നിരിക്കണമെന്നുണ്ടായിരുന്നു. അവരെയെല്ലാം അടക്കിയിരുത്താൻ പോന്ന ഒറ്റമൂലിയാണ് കോൺഗ്രസിലെ നിലയവിദ്വാന്മാർ എടുത്തങ്ങ് പ്രയോഗിച്ചത്. ഓപ്പറേഷൻ ക്രിസ്ത്യാനി. അതോടെ വെറുക്കപ്പെട്ട എല്ലാ മറുത മാടന്മാരും വീണു. ഇനി വോട്ട് വീഴുമോ എന്നറിഞ്ഞാൽ മതി. വോട്ട് കിട്ടിയില്ലെങ്കിൽ, ഓപ്പറേഷൻ ക്രിസ്ത്യാനി പരാജയപ്പെട്ടെന്നു പറയാം. പാർട്ടിയെ രക്ഷിക്കാൻ ബിഷപ്പുമാർ വന്നില്ലെങ്കിലെന്താ, പാർട്ടിയുടെ ശവമടക്കിന് അവർ വരാതിരിക്കില്ല