കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് നിരാഹാര സമരം ആരംഭിക്കുന്നു. വരുന്ന 19ന് രാവിലെ മുതല്‍ കണ്ണൂര്‍ കളക്ടറേറ്റ് പടിക്കലാണ് 48 മണിക്കൂര്‍ നിരാഹാരം തുടങ്ങുന്നത്. 48 മണിക്കൂറിനകം പ്രതികളെ പിടിച്ചില്ലെങ്കില്‍ കെ.പി.സി.സിയുടെ അനുമതിയോടെ സമരം തുടരും. ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് ലോക്സഭ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍ എന്നിവര്‍ നേരത്തെ 24 മണിക്കൂര്‍ നിരാഹാരം നടത്തിയിരുന്നു.
മട്ടന്നൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. അക്രമികളെക്കുറിച്ചും അവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും കണ്ണൂരില്‍ പോലീസുകാരെ നിയന്ത്രിക്കുന്നത് എസ്.പിയല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന് ആണെന്നും സുധാകരന് ആരോപിച്ചു.
തിങ്കളാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് (30) കൊല്ലപ്പെട്ടത്. കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
