Skip to main content
ഹേഗ്

rafik hariri

 

പശ്ചിമേഷ്യന്‍ രാഷ്ട്രമായ ലെബനനിലെ മുന്‍ പ്രധാനമന്ത്രി റഫീക് ഹരീരിയെ വധിച്ച കേസിലെ വിചാരണ നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ തുടങ്ങി. തീവ്രവാദ രാഷ്ട്രീയ സംഘടനയായ ഹിസ്ബോള്ളയുടെ നാല് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ അസാനിധ്യത്തിലാണ് പ്രത്യേക ട്രൈബ്യൂണല്‍ മുന്‍പാകെ വിചാരണ നടക്കുക.

 

2005 ഫെബ്രുവരി 14-ന് ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന കാര്‍ ബോംബ്‌ സ്ഫോടനത്തിലാണ് ഹരീരിയും മറ്റ് 22 പേരും കൊല്ലപ്പെട്ടത്. എന്നാല്‍, സംഭവത്തിന്റെ ഉത്തരവാദിത്വം ഹിസ്ബോള്ള നിഷേധിച്ചിരുന്നു. ഇസ്രേയേല്‍-യു.എസ് ഗൂഡാലോചനയാണ് കൊലപാതകമെന്നാണ് സംഘടനയുടെ വാദം.

 

ലെബനനില്‍ വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ച ഒന്നാണ് ഹരീരിയുടെ കൊലപാതകം. സുന്നി-ഷിയാ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് 1976 മുതല്‍ താവളമടിച്ചിരുന്ന സിറിയന്‍ സൈന്യത്തിന് പിന്‍വാങ്ങേണ്ടി വന്നു. ഷിയാ സംഘടനയായ ഹിസ്ബോള്ളയ്ക്ക് പിന്തുണ നല്‍കിയിരുന്ന സിറിയയിലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന് സുന്നി നേതാവായിരുന്ന ഹരീരിയുടെ വധത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി വിചാരണയ്ക്ക് തുടക്കം കുറിച്ച് ജഡ്ജി ഡേവിഡ് റെ ചൂണ്ടിക്കാട്ടി. ഇവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ കരുതി നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജഡ്ജി അറിയിച്ചു. ഇവര്‍ കുറ്റം നിഷേധിച്ചതായി കണക്കാക്കി വിചാരണ നടത്തുമെന്നും ജഡ്ജി പറഞ്ഞു.

 

ഒരു തീവ്രവാദ കേസില്‍ അന്താരാഷ്ട്ര വിചാരണ നടക്കുന്ന ആദ്യ സംഭവമാണിത്. അതുപോലെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ന്യൂറംബര്‍ഗ് വിചാരണയ്ക്ക് ശേഷം പ്രതികളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര വിചാരണ കൂടിയാണിത്‌.

 

സംഭവം അന്വേഷിക്കാന്‍ 2007-ലാണ് ഐക്യരാഷ്ട്രസഭ ഹേഗ് ആസ്ഥാനമായി പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. മുസ്തഫ ബദ്രേട്ടിന്‍, സലിം അയ്യാഷ്, ഹുസൈന്‍ ഒനീസി, അസ്സാദ് സബ്ര എന്നിവര്‍ക്കെതിരെ ട്രൈബ്യൂണല്‍ 2011-ല്‍ വാറന്റ് പുറപ്പെടുവിച്ചു. തീവ്രവാദ ഗൂഡാലോചന, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ നേരിടുന്നത്. കേസില്‍ 500 സാക്ഷികളാണ് ഉള്ളത്.

Tags