ഇന്തോനേഷ്യയിലെ ജാവാ താഴ്വരയില്‍ അഗ്നിപര്‍വതസ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശക്തമായ പുകയും ചാരവും കാരണം വ്യോമ ഗതാഗതം സ്തംഭിച്ചു. മൂന്നു വിമാനത്താവളങ്ങള്‍ അടച്ചു. വളരെ അപകടകാരിയായ മൗണ്ട് കെലൂദ് അഗ്നിപര്‍വതം ആഴ്ചകളായി സ്ഫോടന ഭീഷണിയുയര്‍ത്താന്‍ തുടങ്ങിയിരുന്നു.
സ്ഫോടനത്തെ തുടര്‍ന്ന് 15 കിലോമീറ്റര്‍ ചുറ്റളവിലെ അന്തരീക്ഷത്തില്‍ ചാരം മൂടിയിരിക്കുകയാണ്. പൊട്ടിത്തെറിയുടെ ശബ്ദം 130 കിലോമീറ്റര്‍ ദൂരം വരെ പ്രതിധ്വനിച്ചതായും പറയുന്നു. കെലൂദിന്‍റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ 36 ഗ്രാമങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ ദ്വീപസമൂഹ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ 129 സക്രിയ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ട്. ഭൂമിക്കടിയിലെ ടെക്ടോണിക്ക് പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന ഭ്രംശമേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ‘അഗ്നിവലയം’ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടെ കഴിഞ്ഞ ആഗസ്തില്‍ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു. 2010-ല്‍ ജാവ ദ്വീപില്‍ മേരാപി കൊടുമുടി പൊട്ടിത്തെറിച്ചുണ്ടായ ലാവാ പ്രവാഹത്തില്‍ 350 പേര്‍ മരിച്ചിരുന്നു.
