Skip to main content
കീവ്

ജനാധിപത്യ പ്രക്ഷോഭത്തില്‍ നിന്ന്‍ ഉക്രൈന്‍ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. പട്ടാള വേഷം ധരിച്ചെത്തിയ ആയുധധാരികളായ റഷ്യന്‍ അനുകൂലികള്‍ സ്വയംഭരണ പ്രദേശമായ ക്രിമിയയില്‍ പാര്‍ലിമെന്റും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും കയ്യടക്കി. കീവില്‍ പാശ്ചാത്യ രാഷ്ട്രങ്ങളെ അനുകൂലിക്കുന്നവര്‍ അടങ്ങുന്ന ഒരു മന്ത്രിസഭയ്ക്ക് പാര്‍ലിമെന്റ് അനുമതി നല്‍കാനിരിക്കെയാണ് ക്രിമിയയിലെ സംഭവവികാസങ്ങള്‍.

 

പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ ശനിയാഴ്ച പാര്‍ലിമെന്റ് പുറത്താക്കിയ ശേഷം റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയന്‍ പ്രദേശത്ത് യാനുകോവിച്ച് രക്ഷപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ തിരസ്കരിച്ച് റഷ്യയുടെ സാമ്പത്തിക സഹായം തേടാനുള്ള യാനുകോവിച്ചിന്റെ തീരുമാനമാണ് നവംബറില്‍ പ്രക്ഷോഭത്തിന് കാരണമായത്.

 

map of ukraineഉക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക തയ്യാറെടുപ്പിന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ക്രിമിയയിലെ പിടിച്ചടക്കല്‍. പുടിന്റെ നീക്കത്തെ യു.എസ് അടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. ഈ പഴയ സോവിയറ്റ് റിപ്പബ്ലിക്കിന്റെ റഷ്യയോട് ആഭിമുഖ്യമുള്ള കിഴക്കന്‍ പ്രദേശവും യൂറോപ്പിനോട് ആഭിമുഖ്യമുള്ള പടിഞ്ഞാറന്‍ പ്രദേശവും തമ്മില്‍ ഒരു സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ് പുടിന്റെ ലക്ഷ്യമെന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ കരുതുന്നു. കരിങ്കടലിലെ പ്രധാന നാവിക കേന്ദ്രമായ ക്രിമിയ റഷ്യയെ സംബന്ധിച്ചിടത്തോളം സൈനികമായി തന്ത്രപ്രധാനമാണ്.

Tags