Skip to main content
ജക്കാര്‍ത്ത

indonesian president votes

 

ഇന്തോനേഷ്യയില്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടന്നു. ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ടുകളുടെയോ സീറ്റുകളുടെയോ അടിസ്ഥാനത്തിലാണ് ജൂലൈയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയുക. ഔദ്യോഗിക ഫലപ്രഖ്യാപനം ഒരു മാസത്തോളം വൈകുമെങ്കിലും എക്സിറ്റ് പോളിന് സമാനമായ അംഗീകൃത ‘ദ്രുത വോട്ടെണ്ണല്‍’ പുരോഗമിക്കുകയാണ്.

 

ഇന്ത്യയ്ക്കും യു.എസിനും പിന്നിലെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യ രാഷ്ട്രമാണ് ഇന്തോനേഷ്യ. 18.6 കോടി വോട്ടര്‍മാരില്‍ 75 ശതമാനത്തോളം പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കുന്നു. 2009-ല്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാളും അഞ്ച് ശതമാനം അധികമാണിത്.

 

ഇന്തോനേഷ്യയിലെ പാര്‍ലിമെന്റിന്റെ അധോസഭയായ ജനപ്രതിനിധി സഭയിലെ 560 സീറ്റുകളിലേക്കും ഉപരിസഭയായ പ്രാദേശിക പ്രതിനിധി സഭയിലെ 133 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രാദേശിക സര്‍ക്കാറുകളിലേക്കും ഇതിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നു.

 

2008-ല്‍ പാസാക്കിയ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ജനപ്രതിനിധി സഭയില്‍ 20 ശതമാനം സീറ്റുകളോ അല്ലെങ്കില്‍ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടോ നേടുന്ന പാര്‍ട്ടികള്‍ക്ക് മാത്രമേ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാം മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. ജൂലൈ ഒന്‍പതിന് നിശ്ചയിച്ചിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടികള്‍ക്ക് സഖ്യം രൂപീകരിച്ച് ഏതെങ്കിലും ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ത്താം.

 

ജക്കാര്‍ത്ത ഗവര്‍ണര്‍  ജോകോവി എന്നറിയപ്പെടുന്ന ജോകോ വിഡോബോ ആണ് പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. ദ്രുത വോട്ടെണ്ണലില്‍ മുന്നില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പി.ഡി.ഐ-പി തെരഞ്ഞെടുപ്പില്‍ ആവശ്യമായ വോട്ടും സീറ്റും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകര്‍ണ്ണോയുടെ മകളും മുന്‍ പ്രസിഡന്റുമായ മേഘാവതി സുകര്‍ണ്ണോപുത്രിയാണ് പി.ഡി.ഐ-പിയുടെ അധ്യക്ഷ.   

 

വോട്ടെണ്ണലില്‍ മുന്‍ സ്വേച്ഛാധിപതി സുഹാര്‍ത്തോ രൂപീകരിച്ച ഗോല്‍കര്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തും മുന്‍ സൈനിക മേധാവി പ്രബോവോ സുബിയാന്തോയുടെ ഗെരിന്ദ്ര പാര്‍ട്ടി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

 

രണ്ട് വട്ടം പൂര്‍ത്തിയാക്കിയ നിലവിലെ പ്രസിഡന്റ് സുസിലോ യുധോയോനോയ്ക്ക് ഭരണഘടന അനുസരിച്ച് വീണ്ടും മത്സരിക്കാന്‍ കഴിയില്ല.