ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ വിവിധ പ്രവിശ്യകളിലുണ്ടായ സ്ഫോടന പരമ്പരയില്‍ അറുപതോളം പേര് കൊല്ലപ്പെട്ടു. നഗരത്തില്‍ ഒരു മണിക്കൂറിനിടെ എട്ട് സ്ഫോടനങ്ങളാണ് നടന്നത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബയായില് നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 23 പേര് സംഭവസ്ഥലത്തു വച്ച് തന്നെ കൊല്ലപ്പെട്ടു സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏട്ടെടുത്തിട്ടില്ല. എന്നാല്‍ ഷിയാ പ്രവിശ്യകളെ ഉന്നം വെച്ചായിരുന്നു സ്ഫോടനങ്ങള്‍ നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച അന്‍ബാറിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ വിദ്യാര്‍ത്ഥികളെയും സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരെയും ബന്ദികളാക്കി. ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 38 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയ്ക്ക് ശേഷം മൊസൂളിലുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013-ല്‍ വിവിധ ആക്രമണങ്ങളിലായി ഇറാഖില്‍ എണ്ണായിരത്തോളം പേര് കൊല്ലപ്പെട്ടതായാണ് യു.എന്നിന്റെ പഠന റിപ്പോര്‍ട്ട്.

