ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടനയിലെ (നാറ്റോ) രാഷ്ട്രനേതാക്കളുടെ ഉച്ചകോടി ബ്രിട്ടനിലെ വെയില്‍സില്‍ വ്യാഴാഴ്ച തുടങ്ങി. കിഴക്കന്‍ യുക്രൈനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കും പശ്ചിമേഷ്യയില്‍ സ്വാധീനം ഉറപ്പിക്കുന്ന തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിനും (ഐ.എസ്) എതിരെ സ്വീകരിക്കേണ്ട നടപടികളാണ് യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തകര്‍ക്കുമെന്നും കിഴക്കന്‍ യൂറോപ്പിലെ ബാള്‍ട്ടിക് രാഷ്ട്രങ്ങളെ റഷ്യയുടെ ഏത് തരത്തിലുള്ള അക്രമത്തില്‍ നിന്നും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തുമാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിയ്ക്ക് എത്തിയിരിക്കുന്നത്.
ഒബാമ, യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, യൂറോപ്യന്‍ നേതാക്കള്‍ എന്നിവര്‍ ഉച്ചകോടിയ്ക്ക് പ്രത്യേകം ക്ഷണിച്ചിട്ടുള്ള യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷേങ്കോയുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. യുക്രൈന് നാറ്റോ അംഗത്വം നല്‍കാനുള്ള നിര്‍ദ്ദേശമാണ് ചര്‍ച്ചകളില്‍ സംസാരിച്ചതെന്ന് കരുതുന്നു. എന്നാല്‍, റഷ്യയുമായി 1997-ല്‍ നാറ്റോ ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ ലംഘനമാകുന്ന നീക്കത്തിനെതിരെ റഷ്യ ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊറോഷേങ്കോയും റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തമ്മില്‍ ധാരണയായ കിഴക്കന്‍ യുക്രൈനിലെ വെടിനിര്‍ത്തല്‍ നടപടികളെ ഈ നീക്കം ബാധിക്കുമെന്ന മുന്നറിയിപ്പും റഷ്യ നല്‍കിയിട്ടുണ്ട്.
നാറ്റോയുടെ 28 അംഗരാഷ്ട്രങ്ങളില്‍ നിന്നും മറ്റ് പങ്കാളി രാഷ്ട്രങ്ങളില്‍ നിന്നുമുള്ള 60 നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. എന്നാല്‍, റഷ്യയുടെ അസാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയം. റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷം ആദ്യമായി ഒരു നാറ്റോ ഉച്ചകോടിയ്ക്ക് റഷ്യയെ ക്ഷണിക്കാതിരിക്കുന്നത്. ശീതയുദ്ധത്തിന്റെ അവസാനത്തിന് ശേഷം പാശ്ചാത്യ ചേരിയും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ചേരി യൂറോപ്പില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് 1949 ഏപ്രിലില്‍ നാറ്റോ രൂപീകൃതമായത്.

