Skip to main content
ജക്കാര്‍ത്ത

 

ജാവ കടലിന് മുകളില്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടി ഇന്തോനേഷ്യയുടെ തീരത്ത് തിരച്ചില്‍ വീണ്ടും തുടങ്ങി. വിമാനം തകര്‍ന്ന്‍ കടലിനടിയില്‍ ആയിരിക്കാമെന്നാണ് കരുതുന്നതെന്ന് തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ഇന്തോനേഷ്യയുടെ ദേശീയ തിരച്ചില്‍ രക്ഷാ ഏജന്‍സി മേധാവി പറഞ്ഞു. വിമാനത്തില്‍ 162 പേരാണ് ഉണ്ടായിരുന്നത്.

 

ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന്‍ സിംഗപ്പൂരിലേക്ക് പോയ ഫ്ലൈറ്റ് ക്വു.സെഡ് 8501 ജെറ്റ് വിമാനം ആണ് പറന്ന് ഒരു മണിക്കൂറിനകം കാണാതായത്. മോശം കാലാവസ്ഥ കാരണം 5,000 അടി ഉയരത്തില്‍ പറക്കാന്‍ അനുമതി തേടിയ ശേഷം ഇന്തോനേഷ്യയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

 

ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്. ആസ്ത്രേലിയയില്‍ നിന്നുള്ള തിരച്ചില്‍ സംഘം കടലില്‍ ചില വസ്തുക്കള്‍ കണ്ടെത്തിയെങ്കിലും ഇത് കാണാതായ വിമാനത്തിന്റേത് അല്ലെന്ന് വ്യക്തമായി. കടലില്‍ എണ്ണ പരന്നതായി കണ്ട സ്ഥലം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍. 270 നോട്ടിക്കല്‍ മൈല്‍ വൃത്തപരിധിയുള്ള സ്ഥലത്താണ് തിരച്ചില്‍ നടത്തുന്നത്. ഇന്ത്യയടക്കം അഞ്ച് രാഷ്ട്രങ്ങള്‍ തിരച്ചിലിന് സഹായം അറിയിക്കുകയും കപ്പലുകളും വിമാനങ്ങളും തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

 

155 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും ഇന്തോനേഷ്യയ്ക്കാരാണ്. യാത്രക്കാരില്‍ കൈക്കുഞ്ഞും 16 കുട്ടികളും ഉള്‍പ്പെടുന്നു.