ജാവാ കടലില്‍ തകര്‍ന്ന്‍ വീണ എയര്‍ ഏഷ്യ വിമാനം ക്വു.സെഡ്8501-ന്റെ രണ്ട് ബ്ലാക്ക് ബോക്സുകളില്‍ ഒന്ന്‍ തിങ്കളാഴ്ച രാവിലെ തിരച്ചില്‍ വിദഗ്ധര്‍ വീണ്ടെടുത്തു. അടുത്ത ബ്ലാക്ക് ബോക്സിന്റെ സ്ഥാനവും കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന്‍ 16 ദിവസങ്ങള്‍ക്ക് ശേഷമാണ് നിര്‍ണ്ണായക ഉപകരണങ്ങള്‍ കണ്ടെത്തുന്നത്.
വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ ആണ് ലഭിച്ചിരിക്കുന്നത്. അപകടം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓറഞ്ചു നിറത്തിലുള്ള ബ്ലാക്ക് ബോക്സില്‍ നിന്ന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന്‍ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കൂടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന തിരച്ചില്‍ സംഘം.
അപകടത്തില്‍പ്പെട്ട 162 പേരില്‍ 48 മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. ഡിസംബര്‍ 28-ന് ഇന്തോനേഷ്യയിലെ സുരബായുവില്‍ നിന്ന്‍ സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന വിമാനം യാത്ര തുടങ്ങി 45 മിനിറ്റിനകം തകര്‍ന്ന്‍ വീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടകാരണം എന്ന്‍ കരുതുന്നു.

