Skip to main content
ന്യൂഡല്‍ഹി

പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ അവതരിപ്പിച്ചു. ബില്ലിന്മേലുള്ള ചര്‍ച്ച തുടരുകയാണ്. കേരളത്തില്‍ ഇപ്പോഴുള്ള സ്ഥിതി തുടരുമെന്നും കേരളം ആവശ്യപ്പെട്ട നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഗ്രാമങ്ങളില്‍ 75ശതമാനം കുടുംബങ്ങള്‍ക്കും നഗരങ്ങളില്‍ 50ശതമാനം കുടുംബങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നു കെ.വി.തോമസ്‌ കൂട്ടിച്ചേര്‍ത്തു.

 

ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുന്നതിലൂടെ രാജ്യത്തു നിന്ന് പട്ടിണി തുടച്ചുമാറ്റാനുള്ള അവസരമാണ് പാര്‍ലമെന്റിന് ലഭിച്ചിരിക്കുന്നതെന്നും ചരിത്രപരമായ ദൗത്യമാണ് യു.പി.എ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ബില്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് വര്‍ഷം ആറായിരം രൂപയ്ക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും. ആറിനും 18 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും ബില്‍ ഉറപ്പു നല്‍കുന്നെന്നും സോണിയാഗാന്ധി വ്യക്തമാക്കി.

 

അതേസമയം ഇത് ഭക്ഷ്യസുരക്ഷാ ബില്ലല്ല വോട്ടു സുരക്ഷാ ബില്ലാണെന്ന് ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി പറഞ്ഞു. സി.പി.ഐ നേതാവ് പ്രഭോത് പാണ്ഡെയും ബില്ലിനെ എതിര്‍ത്തു സംസാരിച്ചു. ബില്ലിനു പൂര്‍ണതയില്ലെന്നും ചില പ്രധാനപ്പെട്ട കാര്യങ്ങളെ അവഗണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ പാസാക്കിയ ശേഷം ചൊവ്വാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. രാജീവ്ഗാന്ധിയുടെ ജന്മദിനത്തില്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍  സഭയിലെ ബഹളംകാരണം അതിനുകഴിഞ്ഞില്ല.