ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സെപ്തംബറില്‍ ഉണ്ടായ കലാപത്തെ തുടര്‍ന്ന് വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. സ്വന്തം വീടുകളിലേക്ക് തിരികെ പോകാന്‍ ക്യാമ്പുകളില്‍ കഴിയുന്നവരോട് രാഹുല്‍ ആവശ്യപ്പെട്ടു.
ഷംലി ജില്ലയിലെ മലക്പൂര്‍, ഖുര്‍ഗാന്‍ ക്യാമ്പുകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. ഷംലിയിലേയും മുസഫര്‍നഗര്‍ ജില്ലയിലേയും മറ്റ് നാല് ക്യാമ്പുകള്‍ കൂടി രാഹുല്‍ സന്ദര്‍ശിക്കും.
വര്‍ഗ്ഗീയ കലാപം ഉണ്ടാക്കിയവര്‍ ആഗ്രഹിക്കുന്നത് കലാപബാധിതര്‍ ക്യാമ്പുകളില്‍ തന്നെ കഴിയുന്നതാണെന്നും ഇതിന് വഴങ്ങരുതെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാല്‍, തിരിച്ചുപോയാല്‍ തങ്ങള്‍ ആക്രമിക്കപ്പെടുമെന്ന ഭീതി ക്യാമ്പുകളില്‍ കഴിയുന്നവര്‍ തുറന്ന്‍ പ്രകടിപ്പിച്ചു.
കലാപത്തില്‍ ഏകദേശം 60 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പേര്‍ വീട് വിട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
