കേന്ദ്രമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായിരുന്ന വിജയ് ബഹുഗുണ വെള്ളിയാഴ്ച രാജിവെച്ചതിനെ തുടര്‍ന്നാണ് ഹരീഷ് റാവത്ത് ഈ സ്ഥാനത്തെത്തുന്നത്. ശനിയാഴ്ച ഗവര്‍ണര്‍ അസീസ് ഖുറേഷി സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രിസഭയിലെ 11 മന്ത്രിമാരും റാവത്തിനൊപ്പം സ്ഥാനമേറ്റു.
ഗുലാം നബി ആസാദ്, അംബിക സോണി, ജനാര്‍ധന്‍ ദ്വിവേദി തുടങ്ങിയവരടങ്ങുന്ന കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകര്‍ പങ്കെടുത്ത കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന റാവത്തിനെ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ തന്നെ സത്യപ്രതിജ്ഞ സംഘടിപ്പിക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള റാവത്തിന്റെ രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു.
പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നതിനൊപ്പം ഉത്തരഖണ്ഡിലെ പാര്‍ട്ടി നേതൃത്വത്തിലും മാറ്റം വരും. ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന രീതി വന്നതോടെ ദുരന്തനിവാരണവും ജലസേചനവും ഉള്‍പ്പെടെ വകുപ്പുകളുടെ ചുമതലയുളള മന്ത്രി യഷ്പാല്‍ ആര്യ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുംവരെ സ്ഥാനത്തു തുടരാന്‍ കേന്ദ്രനേതൃത്വം അദ്ദേഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്.
2013 ല്‍ ഉത്തരഖണ്ഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതും ദുരന്തത്തിന് ഇരയായവര്‍ക്കു നഷ്ടപരിഹാരം ലഭിക്കാത്തതും സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ത്തിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന മുഖംമിനുക്കല്‍ പ്രക്രിയയുടെ ഭാഗമാണ് പുതിയ നടപടികള്‍.
