Skip to main content
ന്യൂഡല്‍ഹി

പൊതുതെരഞ്ഞെടുപ്പിന് മൂന്ന്‍ മാസം മാത്രം ബാക്കിനില്‍ക്കെ മൂന്നാം മുന്നണിയ്ക്കുള്ള നീക്കങ്ങളും സക്രിയമാകുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവും മൂന്നാം മുന്നണി രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഇന്ന്‍ വ്യക്തമാക്കി.

 

nithish kuamr‘ഫെഡറല്‍ മുന്നണി’യുടെ രൂപീകരണം സംബന്ധിച്ച് 14 പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഫെബ്രുവരി അഞ്ചിന് ന്യൂഡല്‍ഹിയില്‍ യോഗം ചേരുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഇടതുപക്ഷമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും തങ്ങള്‍ അവരെ പിന്തുണക്കുകയാണെന്നും ജനതാദള്‍ (യു) നേതാവ് കൂടിയായ നിതീഷ് അറിയിച്ചു.

 

ബീഹാറില്‍ നിതീഷിനെതിരെ കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് പാസ്വാന്‍ അറിയിച്ചിരുന്നു.

 

നിതീഷ് കുമാര്‍ മുലായം സിങ്ങുമായും ജനതാദള്‍ (എസ്) നേതാവ് ദേവഗൌഡയുമായും ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഫെബ്രുവരി അഞ്ചിന്റെ യോഗത്തിന് ശേഷം ഫെബ്രുവരി ഒന്‍പതിനോ പത്തിനോ നേതാക്കള്‍ യോഗം ചേര്‍ന്ന് മുന്നണിയുടെ രൂപരേഖ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

 

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യാഴാഴ്ച ഭുവനേശ്വറില്‍ ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായികുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാരാട്ട് അടുത്ത ആഴ്ച തമിഴ്‌നാട്‌ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയെ കാണുന്നുണ്ട്.

 

യു.പി.എ സര്‍ക്കാറിന് പുറത്തുനിന്ന്‍ പിന്തുണ നല്‍കുന്ന സമാജ്വാദി പാര്‍ട്ടിയുടെ നേതാവ് മുലായം സിങ്ങും മൂന്നാം മുന്നണിയോടുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു. കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടി വലിയ പങ്ക് വഹിക്കുമെന്ന് മുലായം ലക്നോവില്‍ ഒരു പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.

 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും വ്യാഴാഴ്ച ബി.ജെ.പിയിതര കോണ്‍ഗ്രസിതര സര്‍ക്കാറിന് ആഹ്വാനം നല്‍കിയിരുന്നു.