ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ മുങ്ങിക്കപ്പല്‍ നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്ത് നിര്‍മിച്ച കപ്പല്‍ നിര്‍മ്മാണശാലയിലെ ബില്‍ഡിങ് -5 ലാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള നാവിക സേനാ കപ്പല്‍ നിര്‍മാണ ശാലയിലാണ് അപകടം.
നിര്‍മ്മാണശാലയിലെ കരാര്‍ ജോലിക്കാരനായ അമര്‍ (24) ആണ് മരിച്ചത്. വിഷ്ണു, അംജദ് ഖാന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 2.30നും മൂന്നിനും ഇടയില്‍ ആണവ സംവിധാനം സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലെ പൈപ്പ് ലൈനില്‍ ഹൈഡ്രോളിക് മര്‍ദ്ദം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആണവ നിലയവുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അപകടം നടന്ന കപ്പല്‍ നിര്‍മ്മാണശാലയില്‍ അരിഹന്തിനുശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന രണ്ട് അന്തര്‍വാഹിനികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന അന്തര്‍വാഹിനികള്‍ സുരക്ഷിതമാണെന്നും അപകടം പദ്ധതിയെ ബാധിക്കില്ലെന്നും ഡി.ആര്.ഡി.ഒ ചീഫ് അവിനാശ് ചന്ദര്‍ അറിയിച്ചു.
മുബൈയിലെ നാവിക സേനാ കപ്പല്‍ നിര്‍മാണ ശാലയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച കമാന്‍ഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് നാവികസേനയുടെ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് സിന്ധുരത്നയിലുണ്ടായ അപകടത്തില്‍ രണ്ട് നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ നാവികസേന മേധാവി ഡി.കെ ജോഷി രാജിവെച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മറ്റൊരു സുപ്രധാന കപ്പല്‍ നിര്‍മാണ കേന്ദ്രത്തിലും ഇപ്പോള്‍ അപകടമുണ്ടായിരിക്കുന്നത്.
