Skip to main content
ന്യൂഡല്‍ഹി

Jaswant Singh

 

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ജന്മദേശമായ രാജസ്താനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട ജസ്വന്ത് സിങ്ങ് സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുവന്ന സോനാറാം ചൗധരിയെ ഇവിടെ മത്സരിപ്പിക്കാനാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചത്.

 


അതേസമയം, ജസ്വന്തടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി ബി.ജെ.പിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമായി. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് മണ്ഡലത്തെ പ്രതിനിധീകരിക്കാനിരുന്ന ജസ്വന്ത് സിങ്ങ് ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നും ബാര്‍മറില്‍ മത്സരിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ പരിഹാരത്തിന് 48 മണിക്കൂര്‍ സമയം പാര്‍ട്ടിയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ്‌ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മന്ത്രിസഭയില്‍ വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ സിങ്ങ് കൈകാര്യം ചെയ്തിട്ടുണ്ട്.

 


ശനിയാഴ്ച പാര്‍ട്ടി നേതൃത്വത്തെ സിങ്ങ് കഠിനമായി വിമര്‍ശിച്ചിരുന്നു. യഥാര്‍ത്ഥ ബി.ജെ.പിയേയും വ്യാജ ബി.ജെ.പിയേയും വേര്‍തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി നിലകൊണ്ട തത്വങ്ങളും ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയും തമ്മിലുള്ള ബന്ധം വിശകലനത്തിന് വിധേയമാക്കണമെന്നും സിങ്ങ് പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ ഒരുകാലത്തും ബഹുമാനിച്ചിട്ടില്ലാത്തവരാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും സിങ്ങ് പറഞ്ഞു.