ബി.സി.സി.ഐയുടെ വിലക്കിനെ അവഗണിച്ച് ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍.സി.എ) അധ്യക്ഷനായി തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബര്‍ 19-ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകന്‍ എന്‍.എം കസ്ലിവാള്‍ ജയ്പൂരില്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അസോസിയേഷന്‍ ഭാരവാഹികളെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ബി.സി.സി.ഐ അറിയിച്ചു.
ആകെയുള്ള 33-ല്‍ 24 വോട്ടു നേടിയാണ് ലളിത് മോഡിയുടെ വിജയമെങ്കിലും മോഡി സ്ഥാനമേറ്റാല്‍ ആര്‍.സി.എയേയും അഫിലിയേറ്റ് ചെയ്തിരിക്കുന്ന കളിക്കാരും നടപടി നേരിടേണ്ടി വരുമെന്ന ഭീഷണി ബി.സി.സി.ഐ മുഴക്കിയിരുന്നു. ബി.സി.സി.ഐ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആര്‍.സി.എയ്ക്കെതിരെ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതി ഇടപെട്ടിരിക്കുന്നതിനാല്‍ ബി.സി.സി.ഐയുടെ ഭാഗത്ത് നിന്ന്‍ ഏകപക്ഷീയമായ നടപടികള്‍ ബുദ്ധിമുട്ടായിരിക്കും.
ബി.സി.സി.ഐയുടെ ഉപാധ്യക്ഷനും ഐ.പി.എല്‍ കമ്മീഷണറുമായിരുന്ന ലളിത് മോഡിയ്ക്ക് മേല്‍ അച്ചടക്ക രാഹിത്യവും പെരുമാറ്റ ദൂഷ്യവും ആരോപിച്ച് 2013 സെപ്തംബര്‍ 25-ന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആര്‍.സി.എ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മോഡിയുടെ തീരുമാനത്തിനെതിരെ ബി.സി.സി.ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതിയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇടക്കാല ഉത്തരവ്.

