Skip to main content
ലക്നോ

rahul visiys badaun rape victim's familes

 

ഉത്തര്‍ പ്രദേശിലെ ബദാവൂനില്‍ കൂട്ടബലാല്‍സംഗത്തിനിരയായി രണ്ട് ദളിത്‌ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷണത്തിന് വിടാന്‍ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ തീരുമാനിച്ചു. പോലീസുമാര്‍ പ്രതികളായ സംഭവത്തില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

 

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കളെ ശനിയാഴ്ച സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരമല്ല, നീതിയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞതായി രാഹുല്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ, മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു, പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി വെള്ളിയാഴ്ച അറിയിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ അടുത്ത ദിവസം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 14-ഉം 15-ഉം വയസുള്ള പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നതായി പോസ്റ്റ്‌ മോര്‍ട്ടത്തില്‍ തെളിഞ്ഞു. കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

 

സംഭവത്തില്‍ രണ്ട് പോലീസുകാരുള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്. കോണ്‍സ്റ്റബിള്‍മാരായ സര്‍വേഷ്‌ യാദവ്, ഛത്രപാല്‍ യാദവ്, സര്‍വേഷിന്റെ സഹോദരങ്ങളായ പപ്പു, അവധേഷ്, ഉര്‍വേഷ് എന്നിവരാണ് അറസ്റ്റില്‍ ആയത്.

 

സംഭവത്തെ തുടര്‍ന്ന്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില സംബന്ധിച്ചും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ് യാദവ് കേസ് അതിവേഗ കോടതിയില്‍ നടത്തുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് യു.പി സര്‍ക്കാറില്‍ നിന്ന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. സംസ്ഥാനത്ത് ‘കാട്ടുഭരണ’മാണ് നടക്കുന്നതെന്നായിരുന്നു മായാവതിയുടെ കുറ്റപ്പെടുത്തല്‍.