ജമ്മു കശ്മീരിലെ മചിലില്‍ 2010-ല്‍ മൂന്ന്‍ യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് സേനാ ഉദ്യോഗസ്ഥരടക്കം അഞ്ച് സൈനികര്‍ക്ക് സൈനിക കോടതി വ്യാഴാഴ്ച ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. യുവാക്കള്‍ തീവ്രവാദികള്‍ ആണെന്നായിരുന്നു സൈനികരുടെ അവകാശവാദം.
2010 ഏപ്രില്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മചില്‍ സെക്ടറില്‍ പാകിസ്ഥാനില്‍ നിന്ന്‍ നുഴഞ്ഞുകയറിയ മൂന്ന്‍ തീവ്രവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സൈന്യം അവകാശപ്പെടുകയായിരുന്നു. എന്നാല്‍, ഇവര്‍ ഏപ്രില്‍ 27 മുതല്‍ ബാരമുള്ള ജില്ലയില്‍ നിന്ന്‍ കാണാതായ ഷഹ്സാദ് അഹമ്മദ് ഖാന്‍, റിയാസ് അഹമ്മദ് ലോണ്‍, മുഹമ്മദ് ഷാഫി ലോണ്‍ എന്നിവരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
പണവും തൊഴിലും വാഗ്ദാനം ചെയ്ത് സൈനികര്‍ ഇവരെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും നിയന്ത്രണരേഖയ്ക്ക് സമീപം വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തീവ്രവാദികള്‍ എന്ന് അവകാശപ്പെടുകയാണെന്നും യുവാക്കളുടെ കുടുംബങ്ങള്‍ ആരോപിച്ചിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ സൈനിക കോടതിയില്‍ കുറ്റാരോപിതരായ 4 രാജ്പുത് റെജിമെന്റിലെ സൈനികര്‍ക്കെതിരെ തുടങ്ങിയ വിചാരണ സെപ്തംബറില്‍ പൂര്‍ത്തിയായി. പ്രതികള്‍ എല്ലാം കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി.

